പറവൂ‌‌ർ: പറവൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ നൽകുന്നതിൽ ധാരണയായി. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു വരും. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്തിനും ക്ഷേമകാര്യം അനു വട്ടത്തറയ്ക്കും വികസനകാര്യം ബീന ശശിധരനും ആരോഗ്യകാര്യം ശ്യാമള ഗോവിന്ദനും നൽകാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷമായ എൽ.ഡി.എഫിന് ലഭിക്കുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. ഷൈൻ വരും. ഓരോ സ്ഥിരം സമിതികളിലേക്കുമുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്നലെ നടന്നു. വ്യക്തിഗത കാരണത്താൽ ഹാജരാകാതിരുന്ന ജോബി പഞ്ഞിക്കാരനെ വികസനകാര്യ സ്ഥിരം സമിതിയിൽ ഒഴിവുള്ള സീറ്റിൽ ഉൾപ്പെടുത്തും. അതിനുള്ള നടപടിക്രമങ്ങളും സ്ഥിരം സമിതി ചെയർമാൻ തിരഞ്ഞെടുപ്പും വൈകാതെ ഉണ്ടാകും.