പറവൂർ: ചേന്ദമംഗലം, പുത്തൻവേലിക്കര പഞ്ചായത്തുകളിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരെ തിരഞ്ഞെടുത്തു. ചേന്ദമംഗലം പഞ്ചായത്തിലെ നാല് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ ഭരണപക്ഷമായ എൽ.ഡി.എഫിന്റെ അംഗങ്ങളാണ്. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈസ് പ്രസിഡന്റ് ബെന്നി ജോസഫിനെെയും ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈബി തോമസ്, ക്ഷേമകാര്യം കെ.ആർ.പ്രേംജി, വികസനകാര്യം ഷിപ്പി സെബാസ്റ്റ്യൻ എന്നിവരെയും തിരഞ്ഞെടുത്തു. എൽ.ഡി.എഫ് ഭരിക്കുന്ന പുത്തൻവേലിക്കര പഞ്ചായത്തിലെ നാല് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരിൽ മൂന്നും ഭരണപക്ഷമായ എൽ.ഡി.എഫിനും ഒരെണ്ണം പ്രതിപക്ഷമായ യു.ഡി.എഫിനും ലഭിച്ചു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈസ് പ്രസിഡന്റ് എം.പി. ജോസും ക്ഷേമകാര്യ ചെയർമാൻ ഡ്യൂയി പടമാടനും വികസനകാര്യ ചെയർമാൻ സുമ സോമനും തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന്റെ ആനി തോമസാണ് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. ചിറ്റാറ്റുകര പഞ്ചായത്തിൽ ഇന്നും വടക്കേക്കരയിൽ നാളെയും ഏഴിക്കരയിൽ 15നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പു നടക്കും. ബ്ലോക്ക് പഞ്ചായത്തിൽ 15നാണ് തിരഞ്ഞെടുപ്പ്.