അങ്കമാലി: ന്യായവില നിർണയ കമ്മിറ്റി അടിയന്തിരമായി ചേർന്ന് കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ തീരുമാനമുണ്ടാക്കണമെന്ന് ഫോർവേഡ് ബ്ലോക് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഭൂമിയുടെ ന്യായവില പുനർ നിശ്ചയിക്കുന്നതിനുള്ള 600ഓളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. വില പുനർ നിശ്ചയിക്കേണ്ട കമ്മിറ്റി 2020 മാർച്ച് മാസമാണ് യോഗം ചേർന്നത്. മക്കളെ വിവാഹം കഴിച്ചയക്കുന്നതിനും, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ഭൂമി വിൽപന നടത്തിയവർ ആധാരം ചെയ്യാനാകാതെ വിഷമിക്കുകയാണ്.
വില്ലേജ് ഓഫീസർ, സബ്ബ് രജിസ്ട്രാർ, നഗരസഭാ സെക്രട്ടറി എന്നിവർ ചേർന്നതാണ് വില നിർണയ കമ്മിറ്റി. സാധാരണ നിലയിൽ കളക്ടർക്ക് നൽകുന്ന അപേക്ഷ ആർ ഡി.ഒ, തഹസിൽദാർ വഴി വില്ലേജിലെത്തി റിപ്പോർട്ട് കളക്ടർക്ക് അയച്ച് ഗസറ്റിൽ വിജ്ഞാപനം ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. വില തീരുമാനിക്കുന്നത് മൂന്നംഗങ്ങളടങ്ങിയ വില നിർണയ കമ്മിറ്റിയാണ്.
അറുന്നൂറോളം അപേക്ഷയാണ് ഈ വിധം കെട്ടിക്കിടക്കുന്നത്. അടിയന്തിരമായി തീർപ്പുണ്ടാക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.യോഗം ഫോർവേഡ് ബ്ലോക് സംസ്ഥാന കമ്മറ്റിയംഗം ബൈജു മേനാച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഡെന്നി പള്ളിപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.ഇ എസ് സുബീഷ്, ഡേവീസ് , മാർട്ടിൻ പയ്യപിള്ളി, ഇ ജെ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു