നെടുമ്പാശേരി: സ്വന്തമായി വീടില്ലാത്ത പെൺമക്കൾ മാത്രമുള്ള വിധവകൾക്കായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച ഭവനം സ്വാന്തനം പദ്ധതിയിലെ ആദ്യ വീട് നെടുമ്പാശേരി മേഖലയിലെ മേയ്ക്കാട് യൂണിറ്റിൽ നിർമ്മിക്കുമെന്ന് മേഖലാ പ്രസിഡന്റ് സി.പി. തരിയൻ പറഞ്ഞു.
ജില്ലയിലെ പതിമൂന്ന് മേഖലകളിലെയും അർഹതപ്പെട്ടവർക്ക് ഓരോ വീട് എന്ന പ്രഖ്യാപനവുമായാണ് ഭവനം സ്വാന്തനം പദ്ധതി തുടങ്ങിയിരിക്കുന്നത്. 450 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നെടുമ്പാശ്ശേരി മേഖലാ കമ്മിറ്റി ഒരുലക്ഷം രൂപ വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സുബൈദ നാസറിന് കൈമാറി.വീടിന്റെ ശിലാസ്ഥാപനം 17ന് രാവിലെ ഒമ്പതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ നിർവഹിക്കും. മേഖലാ പ്രസിഡന്റ് ഷൈബി ബെന്നി അദ്ധ്യക്ഷയായിരുന്നു. മേഖല ജനറൽ സെക്രട്ടറി കെ. ബി. സജി, ഷാജു സെബാസ്റ്റ്യൻ, ജിന്നി പ്രിൻസ്, ഗിരിജ രഞ്ജൻ, കെ. ജെ. പോൾസൺ, വി.എ. ഖാലിദ് തുടങ്ങിയവർ പ്രസംഗിച്ചു.