കളമേശേരി : കുസാറ്റ് നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) കളമശേരി കൃഷി ഭവനുമായി സഹകരിച്ച് തൃക്കാക്കര ക്യാമ്പസിൽ ലഭ്യമായ ഏഴ് ഏക്കറോളം സ്ഥലത്ത് കൃഷിയിറക്കുന്നു. 'ക്യാമ്പസ് കൃഷി വികസനത്തിലൂടെതരിശിൽ നിന്ന് ഫലഭൂയിഷ്ഠതയിലേക്ക്' എന്ന ആശയം മുൻനിർത്തി സംസ്ഥാന കൃഷി വകുപ്പിന്റെ 'സുഭിക്ഷ കേരളം പദ്ധതി' പ്രകാരമുള്ള സംരംഭം ജനുവരി 15 ന് വൈകിട്ട് 5 ന് സർവകലാശാല റഡാർ കേന്ദ്രത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.കുസാറ്റിന്റെ തൃക്കാക്കര ക്യാമ്പസിൽ വിവിധയിടങ്ങളിൽ ലഭ്യമായ നിലവിൽ ഉപയോഗമില്ലാത്ത സ്ഥലമാണ് ഇതിനുപയോഗിക്കുന്നത്. 2021 ജനുവരി മുതൽ രണ്ടു വിളകളാണ് ആരംഭത്തിൽ ഉദ്ദേശിക്കുന്നത്. കളമശേരി കൃഷി ഓഫീസറുടെ നേതൃത്വത്തിൽ സർവകലാശാലയുടെ അനുമതിയോടെ കൃഷി വകുപ്പ് തെരഞ്ഞെടുക്കുന്ന കർഷകരാണ് കൃഷിയിറക്കുക. കൃഷിയിൽ സഹകരിക്കുന്നതിന് എൻ.എസ്.എസ് വോളണ്ടിയർമാരെയും സ്ഥലം, വൈദ്യുതി, വെള്ളം എന്നിവയും സർവകലാശാലയും സാങ്കേതിക സഹായം കൃഷി വകുപ്പും നൽകും. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർ മുഖേനയാണ് കൃഷിയ്ക്കാവശ്യമായ സഹായങ്ങൾ നൽകുന്നത്.