തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ
എൽ.ഡി.എഫ് കൗൺസിലറുടെ വോട്ട് അസാധുവായി
പൊതുമരാമത്ത്, ടാക്സ് അപ്പീൽ കമ്മിറ്റികൾ എൽ.ഡി.എഫിന് നഷ്‌ടപ്പെട്ടു
കൊച്ചി: കോർപ്പറേഷൻ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ബദ്ധവൈരികളെ പിന്തുണച്ച് ബി.ജെ.പി. തന്ത്രപരമായ നീക്കങ്ങളിലൂടെ ടാക്സ് അപ്പീൽ കമ്മിറ്റിയിൽ ഭൂരിപക്ഷം നേടിയ ബി.ജെ.പി എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഒന്നുപോലെ ഞെട്ടിപ്പിച്ചു. എൽ.ഡി.എഫ് കൗൺസിലറുടെ വോട്ട് അസാധുവായതോടെ പൊതുമരാമത്ത് സ്ഥിരംസമിതി യു.ഡി.എഫ് പിടിച്ചെടുത്തു. വെൽഫയർ പാർട്ടി, മുസ്ളീംലീഗ്, ആർ.എസ്.പി എന്നിവർക്കാണ് ബി.ജെ.പി പിന്തുണ നൽകിയത്. അതേസമയം മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടുനിന്ന സ്വതന്ത്രൻ കെ.പി.ആന്റണി ഇന്നലെ നടന്ന സ്ഥിരംസമിതി അംഗങ്ങളുടെ വോട്ടെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണച്ചു.
ബി.ജെ.പിയുടെ അഞ്ച് അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെ യു.ഡി.എഫിന്റെ അംഗസഖ്യ 32ൽ നിന്ന് 37 ലേക്ക് ഉയർന്നു. സ്വതന്ത്രന്റെ വരവോടെ എൽ.ഡി.എഫിന്റെ കക്ഷിനില 36 ൽ നിന്ന് 37 ആയി. കക്ഷിനിലയിൽ വന്ന മാറ്റം വോട്ടെടുപ്പിലും പ്രതിഫലിച്ചു. നാല് സ്ഥിരം സമിതികളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമായി. നറുക്കെടുപ്പിൽ മൂന്നെണ്ണം എൽ.ഡി.എഫിനും ഒരെണ്ണം യു.ഡി.എഫിനും ലഭിച്ചു. ധനകാര്യ സമിതിയിൽ ഇരുകൂട്ടരും ഒപ്പത്തിനൊപ്പമാണ്. അതേസമയം ആരോഗ്യസ്ഥിരം സമിതി എൽ.ഡി.എഫിന് ലഭിച്ചു. ഒഴിവുള്ള ആറ് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 18 ന് ഉച്ചയ്ക്ക് 2.30 ന് നടക്കും.
തന്ത്രപരമായ നീക്കങ്ങളുമായി ബി.ജെ.പി
ഇന്നലെ രാവിലെ നടന്ന സ്ഥിരസമിതിയിലെ വനിതാ സംവരണ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ആകെ എട്ട് സ്ഥിരം സമിതികളാണുള്ളത്. ഓരോന്നിലും 9 അംഗങ്ങൾ വീതമുണ്ട്. ഇതിൽ അഞ്ച് കമ്മിറ്റികളിലേക്കുള്ള വോട്ടെടുപ്പിൽ ബി.ജെ.പി യു.ഡി.എഫ് ഘടകകക്ഷികളെ പിന്തുണച്ചു. ലൈല (മുസ്ളീം ലീഗ്), കാജൽ സലിം (വെൽഫെയർ പാർട്ടി) സുനിത ഡിക്സൺ (ആർ.എസ്.പി,) സുജ ലോനപ്പൻ (കേരള കോൺഗ്രസ് ജോസഫ് )മേരി കലിസ്റ്റ (കോൺഗ്രസ് സ്വതന്ത്ര) എന്നിവരയെണ് ബി.ജെ.പി പിന്തുണച്ചത്. ആരോഗ്യ സ്ഥിരംസമിതിയിലേക്ക് വോട്ടെടുപ്പ് നടന്നില്ല. രണ്ടു കമ്മിറ്റികളിലേക്ക് ബി.ജെ.പി മത്സരിച്ചു. യു.ഡി.എഫ് ഇതിൽ നിന്ന് വിട്ടുനിന്നു. ടാക്സ് അപ്പീൽ കമ്മിറ്റിയിൽ നിലവിൽ ബി.ജെ.പിയുടെ നാല് അംഗങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥിരംസമിതിയിലേക്ക് മത്സരിച്ച് വിജയിച്ച സുധ ദിലീപ് കുമാർ വൈകിട്ട് സ്ഥാനം രാജിവച്ചു. ഇനി ടാക്സ് അപ്പീൽ കമ്മിറ്റിയിലേക്ക് ഇവർ മത്സരിച്ചാൽ സ്ഥിരംസമിതി ബി.ജെ.പിയുടെ കൈവശമാകും.
പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടെ
നേതൃത്വത്തിന്റെ അനുമതിയോടെയാണ് തങ്ങൾ യു.ഡി.എഫിലെ വനിതാ സ്വതന്ത്രരെ പിന്തുണച്ചതെന്ന് ബി.ജെ.പിയിലെ മുതിർന്ന കൗൺസിലർ സുധ ദിലീപ് കുമാർ പറഞ്ഞു. അതേസമയം ബി.ജെ.പിയോട് പിന്തുണ ആവശ്യപ്പെട്ടില്ലെന്നും അവർ സ്വമേധയാ തങ്ങളുടെ അംഗങ്ങൾക്ക് വോട്ട് നൽകുകയായിരുന്നെന്നും യു.ഡി.എഫ് നേതാവ് അഡ്വ. ദീപ്തി മേരി വർഗീസ് പറഞ്ഞു. യു.ഡി.എഫും ബി.ജെ.പിയുമായുള്ള രഹസ്യധാരണ മറ നീക്കീ പുറത്തുവന്നുവെന്നായിരുന്നു മേയർ അഡ്വ.എം. അനിൽകുമാറിന്റെ പ്രതികരണം.