കൊച്ചി: രാഷ്ട്രീയപാർട്ടികളുടെ മറവിൽ നടക്കുന്ന അനാവശ്യ വർഗീയ പ്രചരണങ്ങളിൽ തങ്ങളുടെ ഔദ്യോഗിക മുദ്ര ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി) രംഗത്ത്. അഡ്വ.നോബിൾ മാത്യു പ്രസിദ്ധീകരിച്ച 'ഖലീഫ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാൻ ഇനി ഞങ്ങളില്ല' എന്ന പോസ്റ്ററിൽ കെ.സി.ബി.സിയു ലോഗോ ഉപയോഗിച്ചതിനെതിരെയാണ് പ്രതികരണം. കെ.സി.ബി.സിയുടെ ഔദ്യോഗിക മുദ്ര വർഗീയ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് കൗൺസിൽ വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി വാർത്താകുറിപ്പിൽ അറിയിച്ചു. കേരളസമൂഹത്തിന്റെ പൊതുവായ വളർച്ചയും സൗഹാർദ്ദവും മതനിരപേക്ഷതയുമാണ് കെ.സി.ബി.സിയുടെ നിലപാട് എന്നും പ്രസ്താവന പറയുന്നു.