കൊച്ചി : അംഗപരിമിതനായ കലൂർ സ്വദേശി കെ.എം. ഹാഷിറിന്റെ വാഹനത്തിന് അപകട ഇൻഷ്വറൻസ് തുക നിഷേധിച്ച നടപടി സ്ഥിരം ലോക് അദാലത്ത് തിരുത്തി. ഇൻഷ്വറൻസ് തുകയായ 10740 രൂപ നൽകാനും രണ്ട് മാസത്തിനകം തുക നൽകിയില്ലെങ്കിൽ ആറ് ശതമാനം പലിശ കൂടി നൽകണമെന്നും അദാലത്ത് അദ്ധ്യക്ഷൻ വേണു കരുണാകരൻ, അംഗങ്ങളായ സി. രാധാകൃഷ്‌ണൻ, പി.ജി. ഗോപി എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. അംഗപരിമിതർക്കുള്ള വാഹനങ്ങൾക്ക് വരുത്തേണ്ട മാറ്റം വരുത്തിയില്ലെന്നാരോപിച്ചാണ് ഇൻഷ്വറൻസ് തുക നിഷേധിച്ചത്. എന്നാൽ ഗിയർ ഉള്ള വാഹനങ്ങൾ ഒാടിക്കാൻ മാത്രമേ ബുദ്ധിമുട്ടുള്ളൂവെന്നും ഗിയറില്ലാത്ത വാഹനങ്ങൾ ഒാടിക്കാൻ ബുദ്ധിമുട്ടില്ലെന്നും ഹർജിക്കാരൻ വാദിച്ചതു കണക്കിലെടുത്താണ് സ്ഥിരം ലോക് അദാലത്തിന്റെ വിധി.