മുളന്തുരുത്തി: ഇന്റർനെറ്റ് തകരാറിലായിട്ട് രണ്ടാഴ്ച. ആമ്പല്ലൂർ കുലയറ്റിക്കര പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം അവതാളത്തിൽ. നിരവധി തവണ വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും തിരിഞ്ഞുപോലും നോക്കിയില്ല. ഇതോടെ പെൻഷൻ,മണി യോർഡർ, നിക്ഷേപ പദ്ധതികൾ, പോസ്റ്റൽ ബാങ്കിംഗ് ഇടപാടുകൾ ഉൾപ്പെടെ സാധാരണ പോസ്റ്റൽസേവനങ്ങളെവരെ താറുമാറായി.

ഇന്റനെറ്റ് തകരാർ നേരിട്ട് ബാധിച്ചതായി നാട്ടുകാർ പറഞ്ഞു.ഇന്റർനെറ്റ്സേവനത്തിന് കരാറെടുത്ത കമ്പനിയും പോസ്റ്റൽ വകുപ്പുമായുള്ള പ്രശ്നങ്ങളാണ് തടസം പരിഹരിക്കാതിരിക്കുന്നതിന് പിന്നലെ കാരണമെന്നാണ് അറിയുന്നത്.നാട്ടുകാരുടെ പരാതിയെ തുടർന്ന് സർവീസ് പെൻഷൻ ഒരാഴ്ച വൈകിയാണെങ്കിലും കാഞ്ഞിരമറ്റം പോസ്റ്റാഫിസിന്റെ നെറ്റ് സർവിസ് മുഖേന വിതരണം നടത്തി. ഇതു സംബന്ധിച്ച് അരയൻകാവ് ടൗൺ റസിഡൻസ് അസോസിയേഷൻ എറണാകുളം പോസ്റ്റൽ സൂപ്രണ്ടിന്റെ പരാതി സെല്ലിൽ നിരവധി തവണ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും പോസ്റ്റൽ വകുപ്പിന്റെ അനാസ്ഥക്കെതിരെ പ്രധാന മന്ത്രിക്കും പൊതു സേവനങ്ങൾക്കായുള്ള ലോക് അദാലത്തിലും പരാതി നൽകുമെന്ന് അരയൻകാവ് ടൗൺ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ. ജിസതീഷ് കുമാർ അറിയിച്ചു.