malinyam
കരിമുഗൾ, കാക്കനാട് റോഡിൽ കിടക്കുന്ന മാലിന്യം

കോലഞ്ചേരി: കരിമുഗൾ, കാക്കനാട് റോഡിൽ മാലിന്യം കൊണ്ട് പൊറുതി മുട്ടി. കരിമുകളിൽ നിന്നും ഇൻഫോപാർക്കിലേയ്ക്കുള്ള റോഡിൽ ബ്രഹ്മപുരം ഭാഗത്താണ് മാലിന്യക്കൂമ്പാരം. റോഡിനിരുവശവും അറവുമാലിന്യങ്ങളും പ്ലാസ്​റ്റിക്കും ഉപയോഗശൂന്യമായ വസ്തുക്കളുമാണ്. മഴപെയ്താൽ ഇവ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വിമിക്കുകയും ഇതിലെ മലിനജലം ഒഴുകി പ്രദേശത്തെ കുടിവെള്ള സ്രോതസുകളിൽ എത്തുകയും ചെയ്യും. തെരുവ് നായ്ക്കൾ മാലിന്യം വലിച്ച് റോഡിൽ നിരത്തിയിടുന്നതും പതിവ് കാഴ്ചയാണ്. റോഡരുകിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യ നിക്ഷേപകരെ കണ്ടെത്താനായിട്ടില്ല.

പുത്തൻകുരിശ് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പ്രദേശമാണിവിടം. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിനോട് ചേർന്നാണ് ഇത്തരത്തിൽ മാലിന്യങ്ങൾ പുറം തള്ളുന്നതും. മാലിന്യസംസ്കരണത്തിനായി ശാസ്ത്രീയ സംവിധാനങ്ങൾ സ്ഥാപിക്കാത്തതും, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചറിയുന്നവരെ കണ്ടെത്തി ശിക്ഷിക്കാത്തത്, ദിനംപ്രതി മാലിന്യങ്ങളുടെ അളവ് വർദ്ധിപ്പിക്കുകയാണ്. കാക്കനാട്ടേയ്ക്ക് എത്താനുള്ള എളുപ്പ വഴിയായ ഇതിലൂടെയാണ് സിവിൽസ്​റ്റഷനിലേയ്ക്കുള്ള ഭരണകർത്താക്കളും നൂറുകണക്കിന് ജനങ്ങളും ദിനംപ്രതി കടന്നുപോകുന്നത്. മൂക്ക് പൊത്താതെ ഇതു വഴി സഞ്ചരിക്കാനാവില്ല. പൊതുവെ ആൾത്താമസം കുറഞ്ഞ പ്രദേശമാണിവിടം. ഇതു മറയാക്കിയാണ് മാലിന്യം വൻ തോതിൽ നിക്ഷേപിക്കുന്നത്.