വൈപ്പിൻ: 25 കി. മി. നീളം വരുന്ന വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാതയുടെ റി ടാറിംഗ് ആരംഭിച്ചു. മലിപ്പുറത്താണ് ഇപ്പോൾ റിടാറിംഗ് നടത്തുന്നത്. വടക്കോട്ട് ഞാറക്കൽ വരെ എത്തിയതിന് ശേഷം തുടർന്ന് ചെറായി ദേവസ്വം നട മുതൽ മുനമ്പം വരെയും അതിന്‌ശേഷം ബാക്കി ഭാഗങ്ങളിലേയും പണി നടത്തും. ഗതാഗതത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതെ ഇരിക്കാൻ രാത്രിയിലാണ് പണി നടത്താൻ ഉദ്ദേശിച്ചിരുന്നതെങ്കിലും മഴ ഭീഷണിയെ തുടർന്ന് പകൽ സമയത്ത് തന്നെയാണ് ഇപ്പോൾ പണി നടക്കുന്നത്. പത്ത് കോടി രൂപ ചെലവിലാണ് റിടാറിംഗ്.
ഇപ്പോൾ നടക്കുന്ന റിടാറിംഗിന് ശേഷമായിരിക്കും ലോകബാങ്ക് സഹായത്തിൽ 23 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന വൈപ്പിൻ ഇ റോഡ് പദ്ധതിയുടെ ജോലികൾ ആരംഭിക്കുക. ഇതോടെ വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാത ഉന്നത നിലവാരത്തിലാകും.