വൈപ്പിൻ: മത്സ്യബന്ധനം കഴിഞ്ഞ് കടൽതീരത്ത് കയറ്റി വെച്ചിരുന്ന വഞ്ചിയും വലയും തകർന്ന നിലയിൽ കണ്ടെത്തി. ചെറായി രക്തേശ്വരി ബീച്ചിൽ ഇന്നലെയാണ് സംഭവം. ചെറായി രക്തേശ്വരി ബീച്ച് റോഡിൽ കാവുങ്കൽ സുധന്റെ വഞ്ചിയാണ് തിരമാലയിൽപ്പെട്ട് തകർന്ന നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിൽ ആരോ വഞ്ചി കടലിലേക്ക് തള്ളിയിട്ടതായാണ് ഉടമ പറയുന്നത്. തിങ്കളാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് രക്തേശ്വരി ബീച്ചിൽ മറ്റുള്ള വഞ്ചികളുടെ കൂട്ടത്തിൽ കരയിൽ കയറ്റി വെച്ചതാണ് ഏതോ സാമൂഹ്യ വിരുദ്ധരാണ് വഞ്ചി കടലിലേക്ക് ഇറക്കിയിട്ടതത്രേ. തിരമാലയിൽ തട്ടി തകർന്ന വഞ്ചിയുടെ അവശിഷ്ടങ്ങൾ പലയിടങ്ങളിൽനിന്നുമായി കണ്ടെടുത്തു. മുനമ്പം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.