modi

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരതമെന്ന ആഹ്വാനം ഏറ്റെടുത്ത് വിദേശമലയാളികൾ നിർമ്മാൺ ഭാരതി ഹോൾഡിംഗ് കമ്പനിക്ക് രൂപം നൽകി. നിർമ്മാണ മേഖലയിലും നഗരാസൂത്രണത്തിലും പതിറ്റാണ്ടുകളായി പങ്കുവഹിക്കുന്നവർ ചേർന്നാണ് പുതിയ സംരംഭത്തിന് രൂപം നൽകിയത്.

നിർമ്മാൺ ഭാരതിയുടെ ഉദ്ഘാടനം 15ന് എളമക്കര ഭാസ്‌കരീയത്തിൽ സി.വി. ആനന്ദബോസ് നിർവഹിക്കും. സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി വി. മുരളീധരൻ കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്യും. ഓഫീസ് ഉദ്ഘാടനം കൊച്ചിൻ ഷിപ്പ്‌യാർഡ് സി.എം.ഡി മധു എസ്. നായരും കമ്പനിയുടെ ആദ്യ അനുബന്ധ സംരംഭമായ ഭൂമിത്ര കൺസ്ട്രക്ഷൻ കമ്പനിയുടെ ഉദ്ഘാടനം മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരനും നിർവഹിക്കും.

ആർ.എസ്.എസ് നേതാക്കളായ ആർ. ഹരി, എസ്. സേതുമാധവൻ, എ.ആർ. മോഹൻ എന്നിവർ സംസാരിക്കും.

ചെറുതും വലുതുമായ ഏത് സംരംഭവും ഇന്ത്യയിലെവിടെയും ഏറ്റെടുക്കുമെന്ന് ചെയർമാൻ ഹരിലാൽ പരമേശ്വരനും മാനേജിംഗ് ഡയറക്ടർ സി.ബി. മണിയും അറിയിച്ചു.