വൈപ്പിൻ: ഞാറക്കൽ ആറാട്ട് വഴി ഫിഷ് ഫാം റോഡിൽ നിന്ന് തെക്കോട്ടുള്ള മുഹമ്മദ് റോഡ് റിപ്പയർ ചെയ്ത് വൃത്തിയാക്കാൻ ഞാറക്കൽ ഹെൽത്ത് ഇൻസ്‌പെക്ടർ അന്വേഷിച്ച് റിപ്പോർട്ട് നൽകി. എൺപതോളം കുടുംബങ്ങളാണ് ഈ റോഡ് ഉപയോഗിക്കുന്നത്. റോഡ് പൊട്ടി പൊളിഞ്ഞ് ചെളിയും മാലിന്യങ്ങളും അടിഞ്ഞു കൂടി ദുർഗന്ധമായി കിടക്കുകയാണ്.ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട് ഉണ്ടാകുന്ന ഇവിടെ വേലിയേറ്റവും കടൽ ക്ഷോഭവും മൂലമുണ്ടാകുന്ന മാലിന്യ പ്രശ്‌നവുമുണ്ട്. മാലിന്യ പ്രശ്‌നവും കുടിവെള്ള ക്ഷാമവും മൂലം മഞ്ഞപ്പിത്തവും , എലിപ്പനിയും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് എച്ച്. ഐ യുടെ റിപ്പോർട്ടിലുണ്ട്.

ആറാട്ട് വഴി ഫിഷ് ഫാം തോടിന് വടക്ക് വശമുള്ള സാഗർറാണി തോട് ആഴം കൂട്ടി വൃത്തിയാക്കണമെന്നും നിലവിലെ റോഡ് സൈഡ് ഭിത്തി കെട്ടിയ ശേഷം മണ്ണിട്ട് ഉയർത്തി ടാർ ചെയ്യണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. പ്രദേശവാസിയും തീരദേശ സംരക്ഷണ സമിതി പ്രസിഡൻറുമായ പി വി ജയൻറെ പരാതിയിലാണ് ഹെൽത്ത് ഇൻസ്‌പെക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.