മൂവാറ്റുപുഴ: കുടിവെള്ള വിതരണം താറുമാറായതോടെ കിഴക്കേക്കര നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടം. ഇതോടെ ടാങ്കറിൽ കുടിവെള്ളമെത്തിക്കണമെന്ന ആവശ്യം ശക്തമായി.നഗരസഭ പന്ത്രണ്ടാം വാർഡിൽ പെട്ട കിഴക്കേക്കര, കുന്നപ്പള്ളി മല ഭാഗങ്ങളിലാണ് കുടിവെള്ളം കിട്ടാക്കനിയായിരിക്കുന്നത്. ഉയർന്ന പ്രദേശമായ കുന്നപിള്ളി മല കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ഒന്നാണ്. നിലവിൽ 120 ഓളം കുടുംബങ്ങൾ ഇവിടെ മാത്രം താമസിക്കുന്നുണ്ട്.ഇവർക്കെല്ലാം ഈ പൈപ്പ് ലൈനിൽ നിന്നാണ് കണക്ഷൻ നൽകിയിരിക്കുന്നത്.കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചങ്കിലും ഇതുവരെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ നടപടിയുണ്ടായില്ല. പരാതികൾ രൂക്ഷമായതോടെ നഗരസഭയുടെ നേതൃത്വത്തിൽ കുന്നപിളളി മല കുടിവെള്ള പദ്ധതി നടപ്പാക്കി. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് ഇത് നവീകരിക്കുകയും ചെയ്തു.മൂവാറ്റുപുഴയാറ്റിൽ നിന്നും നേരിട്ട് വെള്ളം പമ്പ് ചെയ്ത് കുന്നപിള്ളി മലയിൽ സ്ഥാപിച്ച ടാങ്കിൽ എത്തിച്ച് പൈപ്പുകൾ വഴി വീടുകളിൽ വെള്ളമെത്തിക്കുന്നതാണ് പദ്ധതി. കുടിക്കുന്നതിനും, പാചകം ചെയ്യുന്നതിനും ഒഴികെ മറ്റാവശ്യങ്ങൾക്ക് ഈ വെള്ളമാണ് ആളുകൾ ഉപയോഗിക്കുന്നത്. കുടിവെള്ളത്തിന് മറ്റ് മാർഗം തേടേണ്ട അവസ്ഥയിലാണ് ഇവിടത്തുകാർ.ഇലക്ഷനെ തുടർന്ന് പുതിയ കൗൺസിലറുടെ നേതൃത്വത്തിൽ കുറച്ചു ദിവസം ടാങ്കറിൽ കുടിവെള്ള വിതരണം നടത്തിയിരുന്നു.ഇപ്പോൾ ഇതു മില്ല.
മേഖലയിൽ കുടിവെള്ളം കിട്ടാതായിട്ട് അഞ്ച് ദിവസമായി
രാത്രിയിൽ എതെങ്കിലും സമയത്ത് നൂലുപോലെ കുടിവെള്ളമെത്തുമെങ്കിലും അപ്പോൾ തന്നെ നിലക്കുമെന്ന് നാട്ടുകാർ പറയുന്നു.കഴിഞ്ഞ അഞ്ച് ദിവസമായി മേഖലയിൽ കുടിവെള്ളമെത്തിയിട്ട്. വാട്ടർ അതോറിറ്റിയുടെ ശുദ്ധജലത്തെയാണ് ആളുകൾ ആശ്രയിക്കുന്നത്. എന്നാൽ നാളുകളായി പ്രദേശത്ത് കുടിവെള്ള വിതരണം താറുമാറായിട്ട് .നാല് പതിറ്റാണ്ട് മുമ്പ് പത്തോളം കുടുംബങ്ങൾ ക്ക് മാത്രമുണ്ടായിരുന്ന സമയത്തെ പൈപ്പ് ലൈനാണ് ഇപ്പോഴും ഇവിടെയുള്ളത്.