മൂവാറ്റുപുഴ: നീണ്ട ഇടവേളക്കുശേഷം യു.ഡി.എഫ് വിജയിച്ച മൂവാറ്റുപുഴ നഗരസഭയിൽ രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റികൾ യു.ഡി.എഫിന് നഷ്ടമായേക്കും. തിങ്കളാഴ്ച സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു.കോൺഗ്രസ് വൈസ് ചെയർപഴ്സൻ സ്ഥാനം ആദ്യം നൽകാൻ തീരുമാനിച്ചിരുന്ന പ്രമീള ഗിരീഷ് കുമാറിനെ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിവാക്കിയിട്ടുണ്ട്. ക്ഷേമകാര്യവും പൊതുമരാമത്തും യു.ഡി.എഫിനു നഷ്ടമാകുന്ന നിലയിലാണ് സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. നഗരസഭയിൽ ക്ഷേമകാര്യം, പൊതുമരാമത്ത്, ധനകാര്യം എന്നിവ സ്ത്രീ സംവരണമാണ്. ഇതിൽ പൊതുമരാമത്ത് സ്ഥിരം സമിതിയിൽ എൽ.ഡി.എഫിൽ നിന്നുള്ള ജനപ്രതിനിധിക്ക് വിജയം ഉറപ്പായിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചിട്ടുള്ള കാവുംപടിയിൽ നിന്നുള്ള അംഗത്തിന് ക്ഷേമകാര്യവും വിമതനായി മത്സരിച്ചു. വിജയിച്ച അജി മുണ്ടാട്ടിനു വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനങ്ങൾ വിട്ടുകൊടുക്കാൻ യു.ഡി.എഫിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ധനകാര്യ സ്ഥിരം സമിതിയിലേക്ക് സുധാ രഘുനാഥിനെ മാത്രമാണ് ഇന്നലെ യു.ഡി.എഫ് പ്രതിനിധിയായി ഉൾപ്പെടുത്തിയത്. വൈസ് ചെയർപഴ്സൻ സിനി ബിജുവാണ് ധനകാര്യ സ്ഥിരം സമിതിയിലെ മറ്റൊരു യു.ഡി.എഫ് അംഗം. എൽ.ഡി.എഫിൽ നിന്നുള്ള പി.വി.രാധാകൃഷ്ണൻ, ആർ.രാകേഷ്, എൻ.ഡി.എ സ്വതന്ത്ര ആശാ അനിൽകുമാർ എന്നിവാണ് മറ്റ് അംഗങ്ങൾ. വികസന കാര്യ സ്ഥിരം സമിതിയിൽ യു.ഡി.എഫിൽ നിന്ന് ജോയ്സ് മേരി, കെ.കെ.സുബൈർ, എൽ.ഡി.എഫിൽ നിന്ന് വി.എ.ജാഫർ ഖാൻ, എൻഡി.എ സ്വതന്ത്ര ബിന്ദു സുരേഷ് കുമാർ, സ്വതന്തനായ അബ്ദുൽ ഖാദർ(അജി മുണ്ടാട്ട്) എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവർ. ക്ഷേമകാര്യ സ്ഥിരം സമിതിയിൽ യുഡിഎഫിൽ നിന്ന് പ്രമീള ഗിരീഷ്കുമാർ, ബിന്ദു ജയൻ എന്നിവരും എൽ.ഡി.എഫിൽ നിന്ന് മീരാ കൃഷ്ണൻ, നജില ഷാജി എന്നിവരും സ്വതന്ത്ര സ്ഥാനാർഥി രാജശ്രി രാജുവമാണ് ഉള്ളത്. രാജശ്രീ രാജുവിന് അദ്ധ്യക്ഷ സ്ഥാനം നൽകാനാണ് നീക്കം. ആരോഗ്യകാര്യ സ്ഥിരം സമിതിയിൽ യു.ഡി.എഫിൽ നിന്ന് പി.എം.അബ്ദുൽ സലാം, അസം ബീഗം, അമൽ ബാബു എന്നിവരും എൽ.ഡി.എഫിൽ നിന്ന് സെബി കെ.സണ്ണി മാത്രവുമാണ് ഉള്ളത്. മുസ്‌ലിം ലീഗ് പ്രതിനിധിയായ അബ്ദുൽ സലാമിന് അദ്ധ്യക്ഷ സ്ഥാനം ലഭിക്കും. പൊതുമരാമത്ത് സ്ഥിരം സമിതിയിലേക്ക് യു.ഡി.എഫിൽ നിന്ന് ജിനു ആന്റണി മാത്രമാണ് ഉള്ളത്. നിസാ അഷ്റഫ്, ഫൗസിയ അലി, പി.എം.സലിം എന്നിവരാണ് എൽ.ഡി.എഫ് അംഗങ്ങൾ. എൽ.ഡി.എഫിൽ നിന്നുള്ള നിസാ അഷ്റഫ് അദ്ധ്യക്ഷയാകും. വിദ്യാഭ്യാസ സ്ഥിരം സമിതിയിൽ യു.ഡി.എഫിൽ നിന്ന് ജോസ് കുര്യാക്കോസ്, ജോളി മണ്ണൂർ, ലൈല ഹനീഫ, കെ.ജി.അനിൽകുമാർ എന്നിവരാണ് എൽ.ഡി.എഫ് അംഗങ്ങൾ. കേരള കോൺഗ്രസ് ജോസഫ് പ്രതിനിധി ജോസ് കുര്യാക്കോസ് അദ്ധ്യക്ഷനാകും. ധനകാര്യ സ്ഥിരം സമിതിയിൽ യു.ഡി.എഫ് അംഗങ്ങൾക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ട്.