കൊച്ചി: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന എറണാകുളം മാർക്കറ്റ് നവീകരണം സംബന്ധിച്ച് അടിയന്തര യോഗം വിളിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി ഇ ഒ ജാഫർ മാലിക്കിന് കത്ത് നല്കി.

മാർക്കറ്റ് നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി വ്യാപാരികളെ മാറ്റുന്നതിന് തൊട്ടടുത്തുള്ള മുസ്‌ളീം സ്‌കൂളിൽ സജ്ജീകരണങ്ങൾ ഒരുക്കി വരികയാണ്. ഇത് സംബന്ധിച്ച് വ്യാപാരികൾക്ക് ഒട്ടനവധി ആശങ്കകളുണ്ട്. സ്‌കൂൾ പരിസരത്ത് ഉണ്ടാകാവുന്ന വെള്ളക്കെട്ട്, വാഹനങ്ങൾ കയറി ഇറങ്ങുന്നതിനുള്ള സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവയെല്ലാം അതിൽപെടും. കൊച്ചി നഗരസഭ മേയറുമായി ഈ വിഷയത്തിൽ ആശയ വിനിമയം നടത്തിയതായും എം.പി പറഞ്ഞു. മേയർ, എം.എൽ.എ, കൗൺസിലർ, സ്മാർട്ട് സിറ്റി മിഷനിലെയും കോർപ്പറേഷനിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, വ്യാപാരികളുടെ പ്രതിനിധികൾ എന്നിവരെയും യോഗത്തിലേക്ക് ക്ഷണിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.