
കൊച്ചി: കൊവിഡ് വാക്സിൻ സംഭരണത്തിനും വിതരണത്തിനും ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. മറ്റു ജില്ലകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനും ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രിയുടെ വാക്‌സിൻ സ്റ്റോർ, എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസിയുടെ വാക്‌സിൻ സ്റ്റോർ, ആലുവ ജില്ലാ ആശുപത്രിയുടെ വാക്‌സിൻ സ്റ്റോറ്റിലുമാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇടപ്പളളി റീജിയണൽ വാക്‌സിൻ സ്റ്റോറിലും വാക്‌സിൻ സംഭരണത്തിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നു. വാക്‌സിനേഷനാവശ്യമായ കോൾഡ് ചെയിൻ ഐറ്റംസ്, ഐ.എൽ.ആർ, വാക്‌സിൻ കാരിയറുകൾ, കോൾഡ് ബോക്‌സ്, ഐസ് പാക്ക് എന്നിവ ലഭ്യമായിട്ടുണ്ട്.
അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളും വായുസഞ്ചാരവുമുള്ള മുറിയാണ് വാക്‌സിൻ നൽകാനായി തിരഞ്ഞെടുക്കുന്നത്. വെയിറ്റിംഗ് ഏരിയ, വാക്‌സിനേഷൻ മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുറികൾ ഒരു വാക്‌സിനേഷൻ സൈറ്റിൽ ഉണ്ടായിരിക്കും. കുത്തിവയ്പ്പ് നൽകിയ ശേഷം സ്വീകരിച്ച വ്യക്തിയെ നിരീക്ഷണ മുറിയിലേക്ക് മറ്റും. കുത്തിവയപ്പ് സ്വീകരിച്ച വ്യക്തിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്നറിയാൻ അരമണിക്കൂർ നിരീക്ഷണത്തിൽ വയ്ക്കും. വാക്‌സിൻ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങളുണ്ടായാൽ ഉടൻ ചികിത്സ ലഭ്യമാക്കാൻ ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും വാക്‌സിനേഷൻ സൈറ്റിൽ സജ്ജീകരിക്കും. ആരോഗ്യ പ്രശ്‌നങ്ങളിലെങ്കിൽ വീട്ടിലേക്ക് തിരികെ അയയ്ക്കും. കോവിഡ് പ്രതിരോധ മാർഗങ്ങൾ തുടർന്നും സ്വീകരിക്കാൻ നിർദ്ദേശിക്കുമെന്ന് അധികൃതർ അറിയിച്ചു.