കൊച്ചി :കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസവും പ്രതീക്ഷയുമായി വാക്‌സിൻ കൊച്ചിയിലെത്തിച്ചു. അഞ്ചു ജില്ലകളിൽ വിതരണം ചെയ്യാൻ 1.8 ലക്ഷം ഡോസ് വാക്‌സിനാണ് വിമാനമാർഗം ചെന്നൈയിൽ നിന്നെത്തിച്ചത്.
പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച വാക്‌സിൻ രാവിലെ 10.45 നാണ് നെടുമ്പാശേരിയിൽ എത്തിച്ചത്. പ്രത്യേകം സജ്ജീകരിച്ച ട്രക്കുകളിൽ വാക്‌സിൻ എറണാകുളം ജനറൽ ആശുപത്രിയിലെ റീജിയണൽ വാക്‌സിൻ സ്റ്റോറിലെത്തിച്ചു.
15 പെട്ടികളിലാണ് വാക്സിൻ. ഓരോ പെട്ടിയിലും 12,000 ഡോസ്. ഇതിൽ 73,000 ഡോസ് എറണാകുളം ജില്ലയ്ക്കാണ്. 9,240 ഡോസ് ഇടുക്കിക്കും 29,170 ഡോസ് കോട്ടയത്തിനും 30,870 ഡോസ് പാലക്കാടിനും 37,640 ഡോസ് തൃശൂരിനും നൽകും.ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ ഡി.എം.ഒ ഇൻ ചാർജ് ഡോ. വിവേക്‌കുമാർ, ആർ.സി.എച്ച് ഓഫീസർ ഡോ. എം.ജി. ശിവദാസ് തുടങ്ങിയവർ വാക്‌സിൻ ഏറ്റുവാങ്ങി.