കൊച്ചി: ജില്ലയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമായ ബ്രഹ്മപുരത്തെ ആധുനിക പ്ളാന്റിന്റെ നിർമ്മാണം ഇനിയും നീളും. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്ലാന്റിന്റെ നിർമ്മാണത്തിന് കേരള സ്റ്റേറ്റ് ഇൻഡസ്‌ട്രിയൽ ഡെവല്പ്പ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി ) കഴിഞ്ഞയാഴ്ച രണ്ടാമതും കരാർ വിളിച്ചതോടെ പദ്ധതി വൈകുമെന്ന് ഉറപ്പായി. വിദേശകമ്പനികളുടെ പങ്കാളിത്തത്തോടെയുള്ള രണ്ട് കൺസോർഷ്യമാണ് കഴിഞ്ഞ സെപ്തംബറിൽ നടന്ന ആദ്യ ബിഡിൽ പങ്കെടുത്തത്. സർക്കാർ നിശ്ചയിച്ച വിദഗ്ദ്ധസമിതി നടത്തിയ പരിശോധനയിൽ കെ.എസ്.ഐ.ഡി.സി നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ കഴിയാതെ വന്നതിനാൽ ഒരു കൺസോർഷ്യം മത്സരത്തിൽ നിന്ന് പുറത്തായി. നിലവിലുള്ള നിയമം അനുസരിച്ച് കെ.എസ്.ഐ.ഡി.സി വീണ്ടും ടെൻഡർ ക്ഷണിക്കുകയായിരുന്നു. ധനകാര്യവകുപ്പിന്റെ നിയമം അനുസരിച്ച് രണ്ടാമത്തെ ബിഡിലും ഇതേ സാഹചര്യം ഉണ്ടായാൽ ഒരേയൊരു കൺസോർഷ്യമേ ഉള്ളുവെങ്കിലും അതിന് അംഗീകാരം നൽകും.
ഇനിയും പങ്കെടുക്കാം
23 നകം പുതിയ ബിഡ് സമർപ്പിക്കണം. വ്യവസ്ഥകളിലും മാനദണ്ഡങ്ങളിലും മാറ്റമില്ല. പദ്ധതിയുടെ സാങ്കേതിക അവലോകനവും കൺസോർഷ്യത്തിന്റെ അവതരണവും 28 ന് നടക്കും. രണ്ടു മാസത്തിനുള്ളിൽ ആധുനിക പ്ളാന്റ് നിർമ്മാണത്തിനായി അനുയോജ്യമായ കമ്പനിയെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.എസ്. ഐ.ഡി.സി
സ്ഥലം പാട്ടത്തിന്
കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കൊല്ലം നഗരങ്ങളിൽ ആധുനികപ്ലാന്റ് നിർമ്മിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയാക്കിയ കെ.എസ്.ഐ.ഡി.സിയാണ് ബ്രഹ്മപുരത്തെ പ്ലാന്റിന്റെ നടത്തിപ്പുകാരെ തിരഞ്ഞെടുക്കുന്നത്. കോർപ്പറേഷന്റെ ബ്രഹ്മപുരം മാലിന്യപ്ലാന്റിനോട് ചേർന്നുള്ള 20 ഏക്കർ സ്ഥലമാണ് കൺസോർഷ്യത്തിന് വിട്ടുകൊടുക്കുന്നത്. നിർമ്മാണത്തിന് രണ്ട് വർഷവും പ്രവർത്തനത്തിന് 25 വർഷവും ഉൾപ്പെടെ 27 വർഷത്തേക്കാണ് സ്ഥലംനൽകുന്നത്. കനത്തനിക്ഷേപവും കടുത്തവെല്ലുവിളികളുമുള്ള പദ്ധതിയായതിനാൽ പൊതുവേ വിദേശകമ്പനികളുടെ പങ്കാളിത്തമുള്ള കൺസോർഷ്യങ്ങളാണ് പ്ലാന്റ് നിർമ്മാണം ഏറ്റെടുക്കുന്നത്.
പനടത്തിപ്പ് കരാറുകാരന്
പ്ലാന്റിന്റെ രൂപകല്പനയും നിർമ്മാണവും നടത്തിപ്പും കരാറുകാരന്റെ ചുമതലയാണ്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങും. പ്ലാന്റിന്റെ പ്രവർത്തനത്തിന് 300ടൺ മാലിന്യം ആവശ്യമാണ്. ഇത് നൽകേണ്ടത് കൊച്ചി കോർപ്പറേഷന്റെ ചുമതലയാണ്.
മുനിസിപ്പാലിറ്റികളുടെ മാലിന്യം സംസ്കരിക്കും
കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, ഏലൂർ, മരട്, ആലുവ, പെരുമ്പാവൂർ, അങ്കമാലി, നോർത്ത് പറവൂർ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ മാലിന്യങ്ങൾ പുതിയ പ്ലാന്റിൽ സംസ്‌കരിക്കും.
പഴയ കരാർ സർക്കാർ റദ്ദാക്കി
ആധുനികപ്ലാന്റ് നിർമിക്കുന്നതിന് യു.കെ ആസ്ഥാനമായ ജി.ജെ ഇക്കോ പവർ കമ്പനിയുമായി ഉണ്ടാക്കിയ കരാർ സംസ്ഥാന സർക്കാർ റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ പ്ലാന്റിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. കരാർ ഒപ്പുവെച്ച് 180 ദിവസത്തിനുള്ളിൽ സാമ്പത്തികഭദ്രത തെളിയിക്കുന്ന രേഖകൾ കമ്പനി ഹാജരാക്കാമെന്നായിരുന്നു ധാരണ. എന്നാൽ 1400 ദിവസങ്ങൾ കഴിഞ്ഞിട്ടും ഇത് സാധിക്കാതെവന്നതോടെ മേയ് 2ന് സർക്കാർ കരാർ റദ്ദാക്കുകയായിരുന്നു.