covid

കൊച്ചി: എറണാകുളം ജില്ലയിൽ ആദ്യഘട്ടത്തിൽ നൽകുക 73,000 ഡോസ് കൊവിഡ് വാക്‌സിൻ. വാക്‌സിൽ നൽകാൻ 12 കേന്ദ്രങ്ങൾ ഒരുക്കി. ഒരു കേന്ദ്രത്തിൽ പ്രതിദിനം 100 പേർക്ക് കുത്തിവയ്പ്പ് നൽകും. രണ്ടായിരം ആരോഗ്യപ്രവർത്തകർക്ക് പരിശീലനം ഉൾപ്പെടെ ഒരുക്കങ്ങൾ പൂർത്തിയായി. ആദ്യഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കാൻ 60,000 ആരോഗ്യ പ്രവർത്തകർ രജിസ്‌റ്റർ ചെയ്തുകഴിഞ്ഞു. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച വാക്സിൽ ചെന്നൈ വഴിയാണ് കൊച്ചിയിൽ എത്തിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിലെ വാക്‌സിൻ സ്റ്റോറിൽ സൂക്ഷിക്കുന്ന വാക്‌സിൽ എറണാകുളം ജനറൽ ആശുപത്രിയിലെ കാരുണ്യ ഫാർമസിയുടെ വാക്‌സിൻ സ്റ്റോർ, ആലുവ ജില്ലാ ആശുപത്രിയുടെ വാക്‌സിൻ സ്റ്റോർ എന്നിവിടങ്ങളിലും സൂക്ഷിക്കും. ഇടപ്പള്ളി റീജിയണൽ വാക്‌സിൻ സ്റ്റോറിൽ വാക്‌സിൻ സംഭരണത്തിനുള്ള നവീകരണം അന്തിമഘട്ടത്തിലാണ്. കോൾഡ് ചെയിൻ ഐറ്റംസ്, ഐ.എൽ.ആർ, വാക്‌സിൻ കാരിയറുകൾ, കോൾഡ് ബോക്‌സ്, ഐസ് പാക്ക് എന്നീ അനുബന്ധസൗകര്യങ്ങളും ഒരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

മുന്നൊരുക്കങ്ങൾ പൂർണം

അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായു സഞ്ചാരമുള്ള മുറിയാണ് വാക്‌സിൻ നൽകാൻ തിരഞ്ഞെടുക്കുന്നത്. കാത്തിരിപ്പ് മുറി, വാക്‌സിനേഷൻ മുറി, നിരീക്ഷണ മുറി എന്നിവ ഓരോ കേന്ദ്രത്തിലും സജ്ജമാക്കി. കുത്തിവയ്പ്പ് സ്വീകരിച്ച വ്യക്തിയെ നിരീക്ഷണ മുറിയിലേക്ക് മറ്റും. ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്നറിയാൻ അരമണിക്കൂർ നിരീക്ഷണത്തിൽ വയ്ക്കും. വാക്‌സിൻ സ്വീകരിച്ച ശേഷം ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഉടൻ ചികിത്സ ലഭ്യമാക്കാൻ ആംബുലൻസ് ഉൾപ്പെടെ സൗകര്യങ്ങളും സജ്ജീകരിക്കും. ആരോഗ്യ പ്രശ്‌നങ്ങളിലെങ്കിൽ വീട്ടിലേയ്ക്ക് തിരികെ അയക്കും.

വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ

1.എറണാകുളം ജനറൽ ആശുപത്രി

2.പിറവം താലൂക്ക് ആശുപത്രി

3.ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രം

4.കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം

5.ചെല്ലാനം പ്രാഥമികാരോഗ്യ കേന്ദ്രം

6.എറണാകുളം മെഡിക്കൽ കോളേജ്

7.എറണാകുളം ആസ്റ്റർ മെഡ്സിറ്റി

8.കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി

9.കോതമംഗലം മാർ ബസേലിയോസ് ആശുപത്രി

10.എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി

11.എറണാകുളം ജില്ലാ ആയുർവേദ ആശുപത്രി

12.തമ്മനം നഗരകുടുംബാരോഗ്യ കേന്ദ്രം