കൊച്ചി: കെവിൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ടിറ്റു ജെറോമിന് മർദ്ദനമേറ്റ സംഭവത്തെത്തുടർന്ന് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി (ഡെൽസ) സെക്രട്ടറി ബുധനാഴ്ചകളിൽ ജയിൽ സന്ദർശിക്കണമെന്നും പ്രതിക്ക് പരാതിയുണ്ടെങ്കിൽ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
നേരത്തെ ഹൈക്കോടതി നിർദ്ദേശപ്രകാരം ജയിലിൽ ടിറ്റുവിനെ സന്ദർശിച്ച അഡി. ജില്ലാ ജഡ്ജിയും ഡോക്ടർമാരും ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടെങ്കിൽ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡിസ്ചാർജ് ചെയ്യണമെന്നും പ്രതിയെ തിരിച്ചു ജയിലിലെത്തിക്കുന്നെന്ന് സിറ്റി പൊലീസ് കമ്മിഷണർ ഉറപ്പാക്കണമെന്നും ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. ഹർജി ജനുവരി 28ന് വീണ്ടും പരിഗണിക്കും.