കൊച്ചി: ആദ്യദിനം ഹൗസ് ഫുൾ. തുറന്ന തിയേറ്ററുകളിലെല്ലാം നിറഞ്ഞ സദസിൽ സിനിമ പ്രദർശിപ്പിച്ചു. ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളെല്ലാം ഓൺലൈനിൽ ബുക്ക് ചെയ്തുകഴിഞ്ഞു. തിയേറ്ററുടമകൾക്ക് സന്തോഷം.
കൊവിഡ് ഇടവേളയ്ക്കുശേഷം ഇന്നലെ രാവിലെയാണ് തിയേറ്ററുകൾ വീണ്ടും തുറന്നത്. വിജയ് സിനിമയായ മാസ്റ്റർ മാത്രമാണ് പ്രദർശിപ്പിച്ചത്. എറണാകുളം നഗരത്തിൽ ഒരെണ്ണം ഒഴികെ മുഴുവൻ തിയേറ്ററുകളിലും ഇന്നലെ പ്രദർശനം പുനരാരംഭിച്ചു. രാവിലെ ഒമ്പതിനായിരുന്നു ഫസ്റ്റ് ഷോ. പുലർച്ചെ മുതൽ വിജയ് ആരാധകർ കൂട്ടമായെത്തി സിനിമ കണ്ടു. ഓൺലൈനിൽ ബുക്ക് ചെയ്തവർക്കാണ് ടിക്കറ്റുകൾ ലഭിച്ചത്. ഏതാനും ദിവസങ്ങളിലേയ്ക്കുള്ള ടിക്കറ്റുകൾ മുഴുവൻ ബുക്ക് ചെയ്യപ്പെട്ടതായി തിയേറ്ററുടമകൾ പറഞ്ഞു.
രണ്ടു സിനിമകൾ കൂടി
കൊവിഡിന് ശേഷം തിയേറ്ററിലെത്താൻ ജനങ്ങൾ താല്പര്യം കാണിച്ചതോടെ രണ്ടു മലയാള സിനിമകൾ കൂടി റിലീസിന് ഒരുങ്ങി. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം 22 ന് റിലീസ് ചെയ്യും.
സംവിധായകൻ വി.കെ. പ്രകാശിന്റെ മകൾ കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്ക് 29 ന് റിലീസ് ചെയ്യും. ഉണ്ണി ആർ കഥയെഴുതിയ ചിത്രത്തിന്റെ തിരക്കഥ ശബ്‌ന മുഹമ്മദാണ് രചിച്ചത്. ഒരു വനിത രചിച്ച തിരക്കഥയിൽ വനിത സംവിധാനം ചെയ്ത സിനിമയെന്ന പ്രത്യേകതയും വാങ്കിനുണ്ട്.