kaumudi
കീഴ്മാട് സർക്കുലർ റോഡ് ടാറിംഗ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ഡിസംബർ നാലിന് കേരളകൗമുദി നൽകിയ വാർത്ത

ആലുവ: വാട്ടർ അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിചാരി കീഴ്മാട് സർക്കുലർ റോഡ് ബി.എം.ബി.സി ടാറിംഗ് നാല് വർഷത്തോളം വൈകിപ്പിച്ചതിന്റെ തുടർച്ചയായി കോടതി ഇടപെടലിനെ തുടർന്ന് ടാറിംഗ് കരാറുകാരനെ നീക്കി സർക്കാർ ഉത്തരവായി. ഈ സാഹചര്യത്തിൽ റീ ടെണ്ടർ നടപടി അതിവേഗം പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ പൊതുമരാമത്ത് അധിക്യതരോട് ആവശ്യപ്പെട്ടു.

പാതി വഴിയിൽ മുടങ്ങിയ കീഴ്മാട് സർക്കുലർ റോഡ് ടാറിംഗ് പുനരാരംഭിക്കാത്തതിനെതിരെ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആയിരത്തോളം കുടുംബങ്ങൾ ത്രിതല തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തെങ്കിലും ജനപ്രതിനിധികൾ ഇടപ്പെട്ടാണ് തീരുമാനം പിൻവലിച്ചിപ്പിച്ചത്. കീഴ്മാട് പഞ്ചായത്തിലെ കുട്ടമശേരി മുതൽ ജി.ടി.എൻ വരെയുള്ള അഞ്ച് കിലോമീറ്റർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിനും കൾവർട്ടുകൾ, കാനകൾ എന്നിവ നിർമ്മിക്കുന്നതിനായി നാലുവർഷം മുമ്പാണ് പൊതുമരാമത്ത് വകുപ്പ് 1.87 കോടി രൂപ അനുവദിച്ചത്. മലയാറ്റൂർ സ്വദേശിയായ കരാറുകാരൻ ജി.ടി.എൻ മുതൽ കീഴ്മാട് അയ്യങ്കുഴി വരെ ടാറിംഗ് പൂർത്തീകരിച്ചു. ബാക്കിയുള്ള രണ്ട് കിലോമീറ്റർ മുടങ്ങിക്കിടക്കുകയാണ്.

ജപ്പാൻ കുടിവെള്ള പദ്ധതിക്കായി ഭൂഗർഭപൈപ്പ് സ്ഥാപിക്കുന്നതിനാണ് ടാറിംഗ് നിർത്തിയത്. അയ്യംങ്കുഴി മുതൽ എം.ആർ.എസ് വരെയുള്ള 400 മീറ്ററിലാണ് പൈപ്പ് സ്ഥാപിക്കാനുള്ളത്. സാങ്കേതിക കാരണങ്ങളാൽ വാട്ടർ അതോറിട്ടിയുടെ പദ്ധതി അനിശ്ചിതത്വത്തിലായത് ടാറിംഗിനും തടസമായി. റോഡിന്റെ സംരക്ഷണത്തിനായി പൈപ്പ് സ്ഥാപിച്ച ശേഷം ടാറിംഗ് നടത്തായിരുന്നു പൊതുമരാമത്ത് വകുപ്പ് നിർദേശം. എന്നാൽ നാല് വർഷമായിട്ടും പൈപ്പും വന്നില്ല ടാറിംഗും നടന്നില്ല. കരാറുകാരൻ നൽകിയ ഹർജിയിൽ കോടതി നിർദ്ദേശത്തെ തുടർന്നാണ് സർക്കാർ കരാറുകാരനെ ഒഴിവാക്കിയത്. കൊവിഡിനെ തുടർന്ന് ഹിയറിംഗ് വൈകിയത് വീണ്ടും നടപടിക്ക് കാലതാമസം വരുത്തി.