കൊച്ചി: രാജ്യത്തെ പല ഓൾ ഇന്ത്യാ റേഡിയോ സ്റ്റേഷനുകളും പൂട്ടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പ്രസാർഭാരതി വ്യക്തമാക്കി.
ഒരിടത്തും എയർ സ്റ്റേഷൻ ഡൗൺഗ്രേഡ് ചെയ്യുകയോ മാറ്റുകയോ ചെയ്തിട്ടില്ല. എല്ലായിടത്തും പ്രാദേശിക പരിപാടികൾ തുടരും. രാജ്യത്ത് പുതിയ നൂറിലധികം എഫ്.എം റേഡിയോ ട്രാൻസ്‌മിറ്ററുകളിലൂടെ ശൃംഖല വിപുലപ്പെടുത്തും. ഡിജിറ്റൽ റേഡിയോ സ്ഥാപിക്കുന്ന നയവുമായി പ്രസാർഭാരതി മുന്നോട്ടുപോവുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ, ഡിജിറ്റൽ ഡി.ആർ.എം സാങ്കേതികവിദ്യയിലൂടെ തിരഞ്ഞെടുക്കപ്പെട്ട എ.ഐ.ആർ ചാനലുകൾ ഇതിനോടകം ലഭ്യമാകുന്നുണ്ട്. ഡിജിറ്റൽ മോഡ് വഴി ഒരൊറ്റ റേഡിയോ തരംഗത്തിൽ ലഭ്യമായ നിരവധി റേഡിയോ ചാനലുകളിൽ നിന്നും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാൻ ഈ നഗരങ്ങളിലെ ശ്രോതാക്കൾക്ക് കഴിയും. ഡി.ആർ.എം ട്രാൻസ്‌മിറ്റർ വഴി ലഭിക്കുന്ന ആകാശവാണിയുടെ ഡിജിറ്റൽ റേഡിയോ സേവനങ്ങളിൽ എ. ഐ. ആർ ന്യൂസ് 24x7, എ. ഐ. ആർ രാഗം 24x7,പ്രാദേശിക റേഡിയോ സേവനം, തത്സമയ കായിക മത്സരങ്ങൾ എന്നിവ ഉൾപ്പെടും.