പിറവം: തോട്ടറ പുഞ്ചയിലെ വെള്ളക്കെട്ട് പരിഹരിക്കുവാൻ താത്കാലിക മോട്ടോറുകൾ പ്രവർത്തിപ്പിക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു.പുലിമുഖത്ത് 25 HP-യുടെ രണ്ട് ഡീസൽ പമ്പ് സെറ്റുകൾ തുടർച്ചയായി പ്രവർത്തിപ്പിക്കുവാനും മെയിൻ തോട്ടിലെ വെള്ളത്തിന്റെ അളവ് താഴുന്നതിന് അതിനനുസരിച്ച് മനയ്ക്കത്താഴം, ഒലിയപ്പുറം, വിരിപ്പച്ചാൽ, കുന്നംകുളം പാടശേഖരങ്ങളിലെ മോട്ടോറുകൾ പ്രവർത്തിപ്പിക്കുവാനും തീരുമാനിച്ചു. വിത നഷ്ട്ടപ്പെട്ട കർഷകർക്ക് കൃഷി വകുപ്പുമായി ബന്ധപ്പെട്ട് മൂപ്പ് കുറഞ്ഞ വിത്തുകൾ സൗജന്യമായി വിതരണം ചെയ്യും. കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാകുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രിയ്ക്ക് നല്കിയ കത്തിൽ എം.എൽ.എ ആവശ്യപ്പെട്ടു. തോട്ടറ പുഞ്ച സന്ദർശിച്ച അദ്ദേഹത്തോടൊപ്പം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് രാജു പി.നായർ,എടയ്ക്കാട്ടുവയൽ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ആർ ജയകുമാർ,ആമ്പല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ബിന്ദു തോമസ്,ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്,അംഗങ്ങളായ ബിന്ദു തോമസ്, ജലജ മോഹൻ,ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ രവീന്ദ്രനാഥ്,ബിന്ദു പുരുഷോത്തമൻ, ബാലു സി.എ, കർഷക സമിതി ഭാരവാഹികൾ,കൃഷി ഓഫീസർമാർ,ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.