മൂവാറ്റുപുഴ: നഗരത്തെ പ്രകാശ പൂരിതമാക്കുന്നതിന് മൂവാറ്റുപുഴ നഗരസഭയിൽ 'നിലാവ്' പദ്ധതി നടപ്പാക്കുന്നതിന് പുതിയ കൗൺസിലിന്റെ പ്രഥമ യോഗം തീരുമാനിച്ചു. കിഫ്ബിയുടെ സഹായത്തോടെ അമ്പത് ലക്ഷം രൂപ ചിലവഴിച്ച് നിലാവ് പദ്ധതി നടപ്പാക്കുകയെന്ന് നഗരസഭാ ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു. ആദ്യഘട്ടമായി നഗരപ്രദേശത്തെ പ്രധാന റോഡുകളുടെ വശങ്ങളിലാകും തെരുവ് വിളക്ക് സ്ഥാപിക്കുക. തൊടുപുഴ, പണ്ടപ്പിളളി, കൂത്താട്ടുകുളം, പിറവം, കോതമംഗലം, കോലഞ്ചേരി, പെരുമ്പാവൂർ റോഡ് ഭാഗങ്ങളിലെ നഗരസഭാ പരിധിയിൽ പദ്ധതി നടപ്പാക്കും. പിന്നാലെ 28 വാർഡുകളിലും വെളിച്ച വിപ്ലവത്തിന് തുടക്കം കുറിക്കും.കെ. എസ്. ഇ .ബി , സംസ്ഥാന എനർജി എഫിഷൻസി സർവ്വീസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എൽ) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുകയെന്നും നഗരസഭാ ചെയർമാൻ വ്യക്തമാക്കി.

പദ്ധതി വഴി സ്ഥാപിക്കുന്ന എൽ.ഇ.ഡി ബൾബുകൾക്ക് 7 വർഷത്തെ ഗ്യാരന്റിയും ലഭിക്കും. നഗരസഭ ചുമതലപ്പെടുത്തുന്ന കരാറുകാരനായിരിക്കും അറ്റകുറ്റപ്പണികളുടെ ചുമതല.
ഇപ്പോൾ പ്രതിമാസം 15ലക്ഷം രൂപയാണ് തെരുവ് വിളക്ക് പ്രകാശിപ്പിക്കുന്നതിന് നഗരസഭ വൈദ്യുതി ചാർജ്ജ് ഇനത്തിൽ കെ.എസ്.ഇ.ബിയ്ക്ക് നൽകുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വൈദ്യുതി നിരക്ക് 60%മായി കുറയും. ഇത് നഗരസഭയുടെ ചിലവ് ചുരുക്കുന്നതിന് സാഹയകരമാകും. കിഫ്ബി അനുവദിക്കുന്ന തുക പലിശയില്ലാതെ ഏഴു വർഷം കൊണ്ട് അടച്ചു തീർത്താൽ മതിയാകും. വാർഷിക പദ്ധതി വിഹിതത്തിൽ നിന്ന് സർക്കാർ തന്നെ ഈ തുക വെട്ടിക്കുറച്ച് കിഫ്ബിയിലേയ്ക്ക് അടയ്ക്കും.
പരമ്പരാഗത തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കുന്നതോടെ നഗരത്തിന്റെ ഇരുട്ട് പൂർണ്ണമായും ഒഴിവാക്കാൻ കഴിയുമെന്നും ജനങ്ങളുടെ പരാതിക്ക് പൂർണ്ണ പരിഹാരം ആകുമെന്നും ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു. പരിസ്ഥിതിക്കും പദ്ധതി പ്രയോജനകരമാകും.

2000 തെരുവ് വിളക്കുകൾ പ്രകാശിക്കും

നിലവിലുളള ട്യൂബ് ലൈറ്റുകളും സോഡിയം വേപ്പർലാമ്പുകളും മാറ്റി എൽ .ഇ. ഡി ബൾബുകൾ സ്ഥാപിക്കും. ഇത്തരത്തിൽ നഗരത്തിലാകെ 2000 തെരുവ് വിളക്കുകളായിരിക്കും പ്രകാശിപ്പിക്കുക. 18, 35, 70, 110 വാട്ട്‌സ് ശേഷിയുളള ഒരു യൂണിറ്റിന് 500 രൂപയാണ് ചിലവ്. ഇത്തരത്തിൽ 8500 യൂണിറ്റുകളാണ് സ്ഥാപിക്കുക. എൽ.ഇ.ഡി ബൾബുകൾക്കും ഫിറ്റിംഗ് ചാർജ്ജിനും മറ്റുമായി അമ്പത് ലക്ഷം രൂപ വേണ്ടിവരും. നിലവിലെ സോഡിയം വേപ്പർ ലാമ്പുകൾ ഭൂരിപക്ഷവും പ്രവർത്തന രഹിതമാണ്. അറ്റകുറ്റപ്പണികൾക്കുളള ബുദ്ധിമുട്ടും പാർട്‌സുകൾ ലഭിക്കാത്തതുമാണ് ഇവ പ്രകാശിപ്പിക്കുന്നതിനുളള പ്രധാന തടസം.