hc

കൊച്ചി : കൊല്ലം പാരിപ്പള്ളിയിൽ വാഹന പരിശോധനയ്‌ക്കിടെ പൊലീസ് ഡ്രൈവർ മണിയൻപിള്ളയെ കുത്തിക്കൊന്ന കേസിലെ പ്രതി കുണ്ടറ സ്വദേശി ആട് ആന്റണിയെന്ന ആന്റണി വർഗീസിന് (52) വിചാരണ കോടതി ജീവപര്യന്തം കഠിനതടവും 4.45 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചത് ഹൈക്കോടതി ശരിവച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ ആട് ആന്റണി നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻബെഞ്ചിന്റെ വിധി. ശക്തമായ തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്ന് വിലയിരുത്തിയ ഡിവിഷൻബെഞ്ച് വിചാരണക്കോടതി വസ്തുതകൾ ശരിയായി വിലയിരുത്തിയാണ് വിധി പറഞ്ഞതെന്നും വ്യക്തമാക്കി. തുടർന്നാണ് അപ്പീൽ തള്ളിയത്.

2012 ജൂൺ 25ന് അർദ്ധരാത്രിയോടെ പാരിപ്പള്ളി ജവഹർ ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെ ആട് ആന്റണിയുടെ വാഹനത്തിൽ ആയുധങ്ങൾ കണ്ടെത്തിയ പൊലീസ് ഇയാളെ പൊലീസ് ജീപ്പിലേക്ക് മാറ്റുമ്പോഴാണ് ആക്രമണമുണ്ടായത്. മണിയൻപിള്ളയെ കുത്തിവീഴ്ത്തിയ പ്രതി എ.എസ്.ഐ ജോയിയെ കുത്തിപ്പരിക്കേൽപിച്ചിരുന്നു.

ഇങ്ങനെയായിരുന്നു ശിക്ഷ

 കൊലക്കുറ്റം - ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും

 വധശ്രമം - പത്തുവർഷം കഠിനതടവും രണ്ടുലക്ഷംരൂപ പിഴയും

 മാരകമായി മുറിവേൽപ്പിക്കൽ - മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയും

 വ്യാജരേഖ ചമയ്ക്കൽ - രണ്ടുവർഷം കഠിനതടവും 10,000 രൂപ പിഴയും

 വ്യാജരേഖ ഒറിജിനലെന്ന തരത്തിൽ ഉപയോഗിക്കൽ - രണ്ടുവർഷം കഠിനതടവും 10,000 രൂപ പിഴയും

(ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ജീവപര്യന്തം കഠിനതടവും 4.45 ലക്ഷം രൂപ പിഴയും)