നെടുമ്പാശേരി: ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന കൊവിഡ് വാക്സിനെ കേരളത്തിലേക്ക് സ്വീകരിച്ച് കൊച്ചി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ രാവിലെ 10.45 ഓടെ വാക്സിനുമായുള്ള ഗോ എയർ വിമാനം പറന്നിറങ്ങി. അറിയിച്ചതിലും അര മണിക്കൂർ മുമ്പേയായിരുന്നു ലാൻഡിംഗ്. തിരുവനന്തപുരം വിമാനത്താവളത്തിൽ വൈകുന്നേരമാണ് വാക്സിനെത്തിയത്. പൂനെ സിറെം ഇൻസ്റ്റിട്ട്യൂയൂട്ട് ഒഫ് ഇന്ത്യയിൽ നിന്നാണ് വാക്‌സിനുകൾ കേരളത്തിലേക്ക് എത്തിച്ചത്. കൊച്ചിയിലേക്കും മലബാറിലേക്കുമുള്ള വാക്സിനും കൊച്ചി വിമാനത്താവളത്തിലാണ് എത്തിയത്. എറണാകുളം സെന്ററിന് 15 ബോക്സുകളിലായി 1.8 ലക്ഷം ഡോസും കോഴിക്കേട്ടേക്ക് 10 ബോക്സുകളിലായി 1.195 ലക്ഷം വാക്സിനാണ് ഉണ്ടായിരുന്നത്. കോഴിക്കോട്ടേക്ക് ബോക്‌സുകൾ റോഡ് മാർഗം കൊണ്ടുപോയി. കോഴിക്കോട്ടേക്കുള്ള വാക്സിനുകളുമായി പുറപ്പെട്ട ആരോഗ്യവകുപ്പിന്റെ വാഹനത്തിന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി. വാഹനം പുഷ്പവൃഷ്ടകൾക്കിടയിലൂടെയാണ് കടന്നുപോയത്.