കൂത്താട്ടുകുളം: ഇടയാറിൽ ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ടിപ്പർലോറി പിന്നോട്ട് ഉരുണ്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി വീട് പൂർണമായും തകർന്നു. ഇടയാർ വെസ്റ്റ് മരുതുമൂട്ടിൽ സുരേഷ്, സിന്ധു ദമ്പതികളുടെ വീടാണ് അപകടത്തിൽ തകർന്നത്.
അപകടസമയം വീട്ടിൽ കുടുംബാംഗങ്ങൾ ഇല്ലായിരുന്നു. ഇന്നലെ രാവിലെ 12 ഓടെയാണ് അപകടം നടന്നത്. സമീപത്തെ പുരയിടത്തിൽ വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി പുരയിടത്തിലെ പാറ പൊട്ടിച്ചു മാറ്റുന്ന ജോലികൾ നടന്നുവരികയായിരുന്നു. പാറക്കല്ലുകൾ കൊണ്ടുപോകുവാൻ എത്തിയ ലോറി കല്ല് കയറ്റിയശേഷം മുകളിൽ പടുതമൂടുവാൻ നിർത്തിയിട്ടിരിക്കുന്ന സമയത്താണ് പിന്നോട്ട് ഉരുണ്ട് നീങ്ങിയത്. അപകടസമയത്ത് ലോറിയുടെ ക്യാബിനുള്ളിൽ ഡ്രൈവർ ഉണ്ടായിരുന്നില്ല.