ring-road
ഇരിങ്ങോൾ വല്ലം റിംഗ് റോഡിന്റെ മണ്ണ് പരിശോധന നടത്തുന്നു

പെരുമ്പാവൂർ: ഇരിങ്ങോൾ വല്ലം റിംഗ് റോഡിന്റെ രണ്ടാമത്തെ സർവ്വേ നടപടികൾ പുരോഗമിക്കുന്നു. ജനുവരി അവസാനത്തോടെ നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി പതിനഞ്ചിനകം സർവ്വേ റിപ്പോർട്ട് സമർപ്പിക്കും. സർവ്വേ നടപടികൾ പകുതിയോളം പൂർത്തീകരിച്ചു കഴിഞ്ഞു. ആദ്യ ഘട്ട സർവ്വേയിൽ രേഖപ്പെടുത്തിയ പദ്ധതിയുടെ അലൈന്മെന്റിൽ ആവശ്യമായ മാറ്റങ്ങളും ഇതോടൊപ്പം തയ്യാറാക്കും. 7.300 കിലോമീറ്റർ നീളത്തിൽ 25 മീറ്റർ വീതിയിലുമാണ് സർവ്വേ നടത്തുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട മണ്ണ് പരിശോധന 25 എണ്ണം പൂർത്തിയായി. ആകെ 50 എണ്ണമാണ് പരിശോധന. മണ്ണിന്റെ ബല പരിശോധനയും ഇതിനൊപ്പം നടത്തുന്നുണ്ട്. 3 കിലോമീറ്റർ ദൂരത്തിൽ ഇതുവരെ സർവ്വേ നടപടികൾ പൂർത്തിയാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ഇരിങ്ങോൾ പ്രദേശത്ത് മുൻപ് സർവ്വേ നടപടികൾ തടസപ്പെടുത്തിയിരുന്നു. പ്രദേശവാസികളുമായും ഇരിങ്ങോൾ കാവ് ഭരണ സമിതിയുമായും എം.എൽ.എ രണ്ട് വട്ടം ചർച്ച നടത്തിയിരുന്നു. കാവിന്റെ ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടാത്ത രീതിയിൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകും.

സർവ്വേ പൂർത്തിയാക്കി അതിന്റെ വിശദാംശങ്ങൾ ഇരിങ്ങോൾ കാവ് ക്ഷേത്ര സംരക്ഷണ ഭാരവാഹികൾക്ക് നൽകും. തുടർന്ന് ഇവരുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാകും പദ്ധതിക്കുള്ള അവസാന റിപ്പോർട്ട് തയ്യാറാക്കുക. സർവ്വേ നടപടികൾ നിർത്തി വെക്കുന്നത് പദ്ധതി തന്നെ ഉപേക്ഷിക്കുന്നതിന് തുല്യമാണെന്ന് എൽദോസ് കുന്നപ്പിളളി എം.എൽ.എ പറഞ്ഞു.

സർവ്വേ നടപടികൾ അവസാനഘട്ടത്തിലേക്ക്

ആദ്യ ഘട്ട സർവ്വേ റിപ്പോർട്ട് അലൈന്മെന്റ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചെങ്കിലും അനിവാര്യമായ മാറ്റങ്ങൾ വരുത്തുന്നതിനും പാലങ്ങളും കലുങ്കുകളും നിർമ്മിക്കുന്നതിന് ആവശ്യമായ മണ്ണ് പരിശോധന നടത്തുന്നതിനുമാണ് രണ്ടാം ഘട്ട സർവ്വേ ആവശ്യമായി വന്നത്. സർവ്വേ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചതിന് ശേഷം പദ്ധതിയുടെ ഡിസൈൻ പൊതുമരാമത്ത് വകുപ്പ് രൂപരേഖ വിഭാഗം തയ്യാറാക്കും. തുടർന്ന് പൊതുമരാമത്ത് വകുപ്പ് വിശദമായ പദ്ധതി രേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നൽകിയ പദ്ധതി നിർദ്ദേശം പരിഗണിച്ചാണ് സംസ്ഥാന ബജറ്റിൽ 25 കോടി രൂപ ഇരിങ്ങോൾ വല്ലം റിംഗ് റോഡിനായി സർക്കാർ പ്രഖ്യാപിച്ചത്. പെരുമ്പാവൂർ നഗരത്തിലെ ഗതാഗത കുരുക്കിനുള്ള പരിഹാരം എന്ന നിലയിലാണ് റിംഗ് റോഡ് പദ്ധതി നിർദ്ദേശിക്കുന്നത്.