transformer
ചേരാനല്ലൂർ സബ്സ്റ്റേഷനും ട്രാൻസ്ഫോമറും സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലവും

പെരുമ്പാവൂർ: ചേരാനല്ലൂർ മൈനർ ഇറിഗേഷൻ പ്രോജക്ടിന് വേണ്ടി ട്രാൻസ്ഫോർമർ സ്ഥാപിക്കാത്തതിനാൽ പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. മൈനർ ഇറിഗേഷന്റെ പ്രവർത്തനത്തിനായി 1950 ൽ സ്ഥാപിച്ച ട്രാൻസ്ഫോമറാണ് നിലവിലുള്ളത്. ഇതിൽ നിന്നും 75 എച്ച്.പിയുടെ മൂന്ന് മോട്ടോറുകളും 250 ൽപരം വീടുകളിലേക്കും വൈദ്യുതി ഉപയോഗിച്ച് വരികയാണ്. പദ്ധതിക്ക് സ്വന്തമായി ട്രാൻഫോമർ സ്ഥാപിച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നു 10 വർഷം മുൻപ് ഇറിഗേഷൻ അധികൃതർക്ക് കെ.എസ്.ഇ.ബി മുന്നറിയിപ്പു നൽകിയിരുന്നു. ഇതു നടപ്പാക്കാതെ വന്നതോടെ വൈദ്യുതി ബില്ലിന്റെ അത്രയും തുക അധികചാർജായി അടക്കുന്നതിന് നോട്ടീസ് നൽകിയിരിക്കുകയാണ്.അധികചാർജായ 10 ലക്ഷം രൂപ കുടിശിക 2018 അവസാനം ഇറിഗേഷൻ അധികൃതർ അടച്ചു. എന്നാൽ സബ് സ്റ്റേഷൻ നിർമാണത്തിനു നടപടി ഉണ്ടായില്ല.

ഇപ്പോൾ 3 ലക്ഷം രൂപ വൈദ്യുതി ചാർജ് അടച്ചത് കൂടാതെ സർ ചാർജ് ഇനത്തിൽ കെ.എസ്.ഇ.ബിയിൽ കുടിശികയുണ്ട്. സബ്സ്റ്റേഷൻ സ്ഥാപിക്കുകയും കുടിശിക അടയ്ക്കുകയും ചെയ്തില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. സബ്സ്റ്റേഷൻ സ്ഥാപിക്കാനായി സ്ഥലം കണ്ടെത്തി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെങ്കിലും ഇതുവരെ നടപ്പിലായില്ല. ഇതിന് 60 ലക്ഷം രൂപയാണ് ആവശ്യം. കഴിഞ്ഞ 5 വർഷംകൊണ്ട് കനാലുകളുടെ അറ്റകുറ്റപ്പണിയും നാനാഴി, പൂതംപ്ലാക്കൽ നീർപാലങ്ങളുടെയും അറ്റ കുറ്റപ്പണികൾക്കായി 2. 17 കോടി രൂപ ചെലവിട്ടു. 10 കിലോ മീറ്റർ നീളമുളള കനാലുകളുടെ ഭാഗങ്ങളായ തോട്ടുവ, നടുത്തുരുത്ത്, നടുപ്പിളളിത്തോട് എന്നീ ഭാഗങ്ങളിലേക്ക് സുഗമമായി വെള്ളം എത്തും. മിനി സബ്സ്റ്റേഷൻ സ്ഥാപിച്ച് ചേരാനല്ലൂർ മൈനർ ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം നടപ്പിലാക്കണമെന്ന് ചേരാനല്ലൂർ പാടശേഖര സമിതി പ്രസിഡന്റ് ദേവച്ചൻ പടയാട്ടിൽ ആവശ്യപ്പെട്ടു.

പദ്ധതി ഇങ്ങനെ

കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ, മങ്കുഴി, തോട്ടുവ, ഒച്ചാതുരുത്ത്, നടുതുരുത്ത്, നടുപ്പിള്ളിത്തോട് എന്നീ ഭാഗങ്ങളിലായി നെല്ല്, വാഴ, ജാതി, തെങ്ങ്, പച്ചക്കറികളും പ്രദേശത്തെ നാലു വാർഡുകളിലായി 2000 ത്തിൽപരം കുടുംബങ്ങളിൽ കുടിവെള്ളവും, ചിറകളിൽ ജലസമൃദ്ധമാക്കുന്നതും ഈ പദ്ധതി കൊണ്ടാണ്. കേന്ദ്രഗവൺമെന്റിന്റെ പി.കെ.ആർ.വൈ പദ്ധതിയിൽപ്പെടുത്തി ജൈവ കാർഷിക മേഖലയായി തിരഞ്ഞെടുത്തതും പദ്ധതി അടിസ്ഥാനത്തിലാണ്. സർക്കാരിന്റെ ഉത്തരവാദിത്വ ടൂറിസ പദ്ധതിയിൽപ്പെടുത്തി പഞ്ചായത്തിൽ രൂപീകരിച്ച സംരംഭ കൂട്ടായ്മയും പദ്ധതിയുടെ കീഴിലുള്ള പ്രദേശങ്ങളാണ്.