കൊച്ചി: നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാകുന്ന ഇന്റലിജന്റ്‌സ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ( ഐ.ടി.എം.എസ് ) ആദ്യ കോറിഡോർ നിർമ്മാണം പൂർത്തിയായി. ഡി സി സി ജംഗ്ഷൻ, മെഡിക്കൽ ട്രസ്റ്റ്, മനോരമ ജംഗ്ഷൻ എന്നിവ ഉൾപ്പെടുന്ന കോറിഡോറിന്റെ നിർമ്മാണമാണ് പൂർത്തിയായത്. ഹൈക്കോടതി ജംഗ്ഷൻ, കലൂർ, പാലാരിവട്ടം, ഇടപ്പള്ളി ഉൾപ്പെടുന്ന രണ്ടാം ഘട്ട കോറിഡോറിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഒന്നര മാസത്തിനുള്ളിൽ ഇത് പൂർണ്ണമായും പ്രവർത്തന സജ്ജമാകും. കൊച്ചി സ്മാർട്ട് മിഷൻ പദ്ധതിയുടെ ഭാഗമായി കോർപറേഷൻ പരിധിയിലെ 17 പ്രധാന ജംഗ്ഷനുകളിലാണ് ഐ.ടി.എം.എസിന്റെ ഭാഗമായി ട്രാഫിക് സിഗ്‌നലിംഗ് സിസ്റ്റം സ്ഥാപിച്ചത്. നഗരത്തിലെ തിരക്കനുസരിച്ചു സ്വയം പ്രവർത്തിക്കുന്ന വെഹിക്കിൾ ആക്യുവേറ്റഡ് സിഗ്നലുകളാണ് പ്രാവർത്തികമാക്കിയത്. റോഡിലെ തിരക്കനുസരിച്ച് സിഗ്നൽ മാറുന്ന സംവിധാനമാണിത്. നാല് സിഗ്നലുകൾ സ്മാർട്ട് റോഡുകളുടെ നിർമ്മാണത്തോടൊപ്പം പൂർത്തിയാകും.വാഹനങ്ങളുള്ള ട്രാക്കിനും ഇല്ലാത്ത ട്രാക്കിനും വ്യത്യസ്ത പരിഗണന നൽകിയാണ് സിഗ്നലുകൾ പ്രവർത്തിക്കുന്നത്. റഡാർ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി സിഗ്നൽ സമയം ക്രമീകരിക്കും.
കാമറ എല്ലാം കാണുന്നുണ്ട്
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി 93 കാമറകൾ 35 ഇടങ്ങളിൽ സ്ഥാപിക്കും. 30 കേന്ദ്രങ്ങളിൽ കാമറ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ ബാക്കിയിടത്തും കാമറകളെത്തും. രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങൾ പകർത്താൻ ഇതിനു കഴിയും. കാൽനടയാത്രക്കാർക്ക് സുഗമമായി റോഡ് മുറിച്ചു കടക്കുന്നതിനായി യാത്രക്കാർക്കു തന്നെ നിയന്ത്രിക്കാവുന്ന പെലിക്കൺ സിഗ്‌നലുകളുടെ നിർമ്മാണം കലൂരിലും ഇടപ്പള്ളിയിലും പൂർത്തിയായി. മേനക ജംഗ്ഷൻ, ബോട്ട് ജെട്ടി എന്നിവിടങ്ങളിലെ നിർമ്മാണങ്ങളാണ് ബാക്കിയുള്ളത്. പത്തിടങ്ങളിൽ സൈൻ ബോർഡുകൾ നിർമ്മിക്കുന്ന ജോലികളും പൂർത്തിയായി. അഞ്ച് വർഷത്തെ പരിപാലനവും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവുമുൾപ്പടെ 26 കോടി രൂപയ്ക്കാണ് കെൽട്രോൺ പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം നവീകരിക്കുന്ന എ.എം.റോഡിന്റെ 75 ശതമാനം ജോലികൾ പൂർത്തീകരിച്ചു. ഷൺമുഖം റോഡിന്റെ 36 ശതമാനം ജോലികളും, ഡി.എച്ച് റോഡിന്റെ 40 ശതമാനം ജോലികളും പാർക്ക് അവന്യു റോഡിന്റെ 50 ശതമാനം നവീകരണങ്ങളും പൂർത്തിയായി. ബാനർജി റോഡിന്റെ പണികൾ ആരംഭിച്ചു.