1
പെൺകുട്ടിയുടെ മൃതദേഹവുമായി കാക്കനാട് ചിൽഡ്രൻസ് ഹോമിന് മുന്നിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുന്നു

പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടത് ജനുവരി 11ന്

തൃക്കാക്കര: പീഡനത്തിനിരയായതിനെത്തുടർന്ന് ശിശുക്ഷേമസമിതി ഏറ്റെടുത്ത പതിനാലുകാരിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് മൃതദേഹവുമായി കാക്കനാട് ശിശുക്ഷേമസമിതി ഓഫീസിന് മുന്നിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. ചൈൽഡ് വെൽഫെയർ ഓഫീസർ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

മറ്റൂർ സ്വദേശിനിയും ഓട്ടി​സം രോഗി​യുമായ പെൺകുട്ടിയെ അച്ഛനും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയി​ൽ 2019 ഏപ്രിൽ മുതൽ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലായിരുന്നു കുട്ടി. കേസ് നടപടി​കളും പുരോഗമി​ക്കുന്നുണ്ട്. ശിശുക്ഷേമസമിതി അംഗം വീട്ടിലെത്തിയാണ് കുട്ടിയെ പച്ചാളത്തെ സ്വകാര്യ കെയർഹോമിലേക്ക് മാറ്റിയത്. പൂർണ ആരോഗ്യവതിയായിരുന്ന കുട്ടി മരിച്ചെന്ന വാർത്തയാണ് കഴിഞ്ഞദിവസം തങ്ങൾക്ക് ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

ജനുവരി 11നാണ് പച്ചാളത്തെ ശിശുവികസനവകുപ്പിന്റെ കെട്ടിടത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഡിസംബർ 30 മുതൽ കുട്ടിക്ക് പനിയുണ്ടായിരുന്നുവെന്നും ചികിത്സ നൽകിയിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ,കുട്ടിക്ക് സുരക്ഷ ഉറപ്പാക്കാതിരുന്നത് ചൈൽഡ് വെൽഫെയർ ഓഫീസറുടെ വീഴ്ചയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കുട്ടിയുടെ മുത്തശ്ശി സിറ്റി പൊലീസ് കമ്മീഷണർക്കും ആലുവ പൊലീസ് സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്.

തൃക്കാക്കര എ.സി.പി ജിജിമോൻ, തൃക്കാക്കര സി.ഐ ആർ. ഷാബു, എസ്.ഐ റോയ് കെ പുന്നൂസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയുടെ ബന്ധുക്കളുമായി ചർച്ച നടത്തി. എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും എ.സി.പി പറഞ്ഞു. സമഗ്രാന്വേഷണം നടത്തുമെന്ന് എ.സിപി ഉറപ്പ് നൽകിയതിനെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം മൂന്നരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.പ്രതിഷേധിച്ചവരിൽ 20 പേർക്കെതിരെ കൊവിഡ് മാനദണ്ഡ ലംഘനത്തിന് കേസെടുത്തിട്ടുണ്ട്.

മരണ കാരണം

ന്യുമോണിയയെന്ന്

ന്യുമോണിയയാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് .ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ കഴിഞ്ഞ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും, ശിശുക്ഷേമ സമിതിക്ക് വീഴ്ചയുണ്ടായി​ട്ടി​ല്ലെന്നും കൊച്ചി ഡി.സി.പി ഐശ്വര്യ ഡോംഗ്രേ പറഞ്ഞു.