മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബി.ജെ.പി,യു.ഡി.എഫ് പരസ്യ ധാരണക്കെതിരെ പ്രചരണവുമായി എൽ.ഡി.എഫ് രംഗത്ത്. ഇന്നലെ പഞ്ചായത്ത് ഹാളിൽ നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ബി.ജെ.പി,യു.ഡി.എഫ് ധാരണയാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായത്. സ്റ്റാൻഡിംഗ് കമ്മിറ്റികളിലൊന്നായ വികസനസമതിയിലേക്ക് ബി.ജെ.പി അംഗമായ പി.കെ.റെജി വിജയിക്കുന്നതിന് യു.ഡി.എഫ് ഒന്നടങ്കം വോട്ട് ചെയ്തു. എൽ.ഡി.എഫിലെ പി.കെ.മത്തായിയും പി.എൻ.മനോജുമാണ് മത്സരിച്ചത്. മൂന്നംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ വനിത അംഗമായ മോൾസി എൽദോസിനെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. രണ്ടംഗങ്ങളുടെ ഒഴിവിലേയ്ക്കാണ് ബി.ജെ.പി,യു.ഡി.എഫ് ഒന്നിച്ച് നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ധാരണ പ്രകാരം വിജയിച്ച ബി.ജെ.പി അംഗം പി.കെ.റെജി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെടും. കോൺഗ്രസ് ദേശീയ തലത്തിൽ എതിർക്കുന്നുവെന്ന് പറയുന്ന ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി മതേതരത്വത്തെ വർഗീയവാദികൾക്ക് അടിയറവ് വച്ചുവെന്നാരോപിച്ച് ഹാളിൽ നിന്നും എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപോയി. തുടർന്ന് പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ യോഗം ചേർന്നു. പി.പി.മത്തായി, പി.എൻ.മനോജ്, ജമന്തി മദനൻ, ഷീല ദാസ്, കൊച്ചുത്രേസ്യ സണ്ണി, ടി.കെ.അനീഷ് എന്നിവർ സംസാരിച്ചു.