k
വേങ്ങൂർ പഞ്ചായത്തിലെ പൈനാപ്പിൾ കൃഷി

കുറുപ്പംപടി: വിളകൾക്ക് വില കുറഞ്ഞതോടെ വേങ്ങൂർ പഞ്ചായത്തിലെ കർഷകർ പട്ടിണിയിലേക്ക് നീങ്ങുന്നു. സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി നടത്തുന്നവരാണ് ഏറെ ദുരിതത്തിലായത്. പൈനാപ്പിൾ കൃഷിക്ക് സ്ഥലം പാട്ടത്തിന് എടുക്കുന്നത് ഒരു ഏക്കറിന് നാൽപ്പതിനായിരം,വാഴകൃഷിക്ക് ഇരുപതിനായിരം രൂപ നിരക്കിലാണ്.പൈനാപ്പിളിന്റെ മൊത്തവില കി.ഗ്രാമിന് പത്തുരൂപയിൽ താഴെയും. ഏത്തവാഴക്ക് ഇരുപത് രൂപയിൽ താഴെയുമാണ്.ബാങ്കിൽ നിന്നു വായ്പ എടുത്ത് വൻ തോതിൽ കൃഷിചെയ്തവർ പലിശ അടയ്ക്കാൻ കഴിയാതെ ജപ്തി ഭീഷണിയിലാണ് കഴിയുന്നത്.

വിളകളുടെ വില തകർച്ച വേങ്ങൂർ പഞ്ചായത്തിന്റെ വരുമാനത്തെ ബാധിച്ചു.കാര്യമായ വ്യവസായ സ്ഥാപനങ്ങൾ ഇല്ലാത്ത കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത ആഘാതമാണ് വിലതകർച്ചയിലൂടെ ഉണ്ടായിരിക്കുന്നത്.

ഇതര സംസ്ഥാനങ്ങളാണ് പൈനാപ്പിളിന്റെ പ്രധാന വിപണി. കർഷക സമരം രൂക്ഷമായതോടെ മറ്റു സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ കയറ്റി അയക്കാത്തതാണ് വിലതകർച്ചയുടെ ഒരുകാരണം.

നിവേദനം നൽകി

കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്ന നിർമാണ സംവിധാനം ഏർപ്പെടുത്തിയാൽ വിലനിലവാരം പിടിച്ചുനിർത്താൻ കഴിയും.കടക്കെണിയിൽപ്പെട്ട കർഷകർക്ക് ബാങ്ക് മോറിട്ടോറിയം പോലുള്ള നടപടികൾ സ്വീകരിച്ച് കൃഷികാർക്ക് സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകാനായ തോമസ് കെ.ജോർജ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.