കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ വനിതാ പ്രതിനിധിയെ തിരഞ്ഞെടുക്കാനായില്ല. വനിതകളാരും മത്സരിക്കാൻ തയ്യാറാകാത്തതാണു കാരണം. വനിതാ പ്രതിനിധിയെ നിശ്ചയിക്കാൻ ഇന്നു വീണ്ടും യോഗം ചേരും. 13 അംഗ കമ്മിറ്റിയിൽ 7 പേർ വനിതകളാണ്. ഒരു കമ്മിറ്റിയിലെ അംഗത്തിനു മറ്റു കമ്മിറ്റികളിൽ അംഗമാകാൻ കഴിയില്ല. ധനകാര്യ സമിതിയുടെ അദ്ധ്യക്ഷ വൈസ് പ്രസിഡന്റായിരിക്കുമെന്ന ചട്ടം നിലവിലുള്ളതിനാൽ ഇതിൽ അംഗമായാൽ മറ്റു കമ്മിറ്റികളിൽ എത്താനാകില്ല. മറ്റു കമ്മിറ്റികളിൽ ഭൂരിപക്ഷം ഉറപ്പാക്കി അദ്ധ്യക്ഷ സ്ഥാനം കരസ്ഥമാക്കാനുള്ള ശ്രമത്തിൽ അംഗങ്ങളെല്ലാം ധനകാര്യ സമിതി അംഗത്വം വിട്ടു കളയുകയായിരുന്നു. മറ്റു കമ്മിറ്റികളിൽ അംഗങ്ങളല്ലാത്ത വനിതകളെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് വരണാധികാരി ധന കാര്യ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പു നടത്തുകയാണ് ഇനി ചെയ്യുന്നത്. കോൺഗ്രസിനും ട്വൻറി20 ക്കും 5 വീതം സീറ്റുകളും എൽ.ഡി.എഫിനു 3 സീറ്റുകളുമുള്ള ഈ ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസാണ്.