പള്ളുരുത്തി: ഫുട്പാത്ത് കൈയടക്കി പള്ളുരുത്തിയിൽ വഴിയോര കച്ചവടം പൊടിപൊടിക്കുന്നു. കച്ചേരിപ്പടി മുതൽ തോപ്പുംപടി വരെയാണ് കച്ചവടം. ഇതിനെതിരെ നാട്ടുകാർ നഗരസഭയ്ക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.

കച്ചേരിപ്പടിയിൽ വില്ലേജ് ഓഫീസ്, ആയുർവേദ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിൽ ഇതുമൂലം ജനങ്ങൾക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. കച്ചേരിപ്പടി മുസ്ളീം പള്ളിക്കു സമീപവും ഇതുതന്നെയാണ് സ്ഥിതി. പഴം, പച്ചക്കറി, മീൻ തുടങ്ങിയ ഇടങ്ങളിലാണ് കൈയേറ്റം. സംസ്ഥാന ഹൈവേ കടന്നു പോകുന്ന പള്ളുരുത്തി വെളിയിലും ഇതാണ് സ്ഥിതി. ഇതിനാൽ ഫുട്പാത്തിലൂടെ നടന്ന് പോകാൻ കഴിയാത്ത സ്ഥിതിയായി മാറിയിരിക്കുകയാണ്. കൂടാതെ കുട്ട വഞ്ചിയിൽ മീൻ പിടിച്ച് ഉപജീവന മാർഗം കണ്ടെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളും വഴിയരികിലാണ് കച്ചവടം നടത്തുന്നത്.ഇവരെ പള്ളുരുത്തി മാർക്കറ്റിൽ മീൻ വില്പന നടത്താൻ മറ്റു കച്ചവടക്കാർ സമ്മതിക്കാത്ത സ്ഥിതിയാണ്. കച്ചവടക്കാരെ നഗരസഭയുടെ ഒഴിഞ്ഞ ഇടങ്ങളിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പലപ്പോഴും നിരവധി അപകടങ്ങളാണ് ഇതുമൂലം സംഭവിക്കുന്നത്. സ്വകാര്യ ബസിൽ നിന്നും യാത്രക്കാർക്ക് ഇറങ്ങാൻ കഴിയാത്ത വിധത്തിലാണ് കച്ചവടം.