കൊച്ചി: വൈറ്റില ഫ്ളൈ ഒാവർ ഉദ്ഘാടനത്തിനു മുമ്പ് തുറന്നുകൊടുത്ത കേസിൽ പ്രതിയായ വി ഫോർ കൊച്ചിയുടെ കോ ഒാർഡിനേറ്റർ നിപുൺ ചെറിയാന് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. ജനുവരി അഞ്ചിന് രാത്രിയിൽ പ്രതികൾ വൈറ്റില ഫ്ളൈഒാവറിന്റെ ഒരുവശത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കി വാഹനങ്ങൾ കടത്തിവിട്ടെന്നാണ് കേസ്.
ഫ്ളൈ ഒാവറിന്റെ ഉദ്ഘാടനം വൈകുന്നെന്നാരോപിച്ച് വി ഫോർ കൊച്ചി പ്രവർത്തകർ നേരത്തെ പ്രതിഷേധസമരങ്ങൾ നടത്തിയിരുന്നു. അനധികൃതമായി ഫ്ളൈ ഒാവർ ഗതാഗതത്തിന് തുറന്നുകൊടുത്തതിലൂടെ 1.5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നു വിലയിരുത്തിയ പൊലീസ് പൊതുമുതൽ നശിപ്പിക്കൽ കുറ്റം ചുമത്തിയാണ് നിപുൺ ഉൾപ്പെടെ ഏഴുപേരെ അറസ്റ്റുചെയ്തത്. കേസിലെ മറ്റു പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും സമാനമായ വേറെയും കുറ്റങ്ങളിൽ നിപുൺ പ്രതിയാണെന്നാരോപിച്ച് പ്രോസിക്യൂഷൻ ഇയാളുടെ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.