trans-gender-sajna

കൊച്ചി: തെരുവിൽ ബിരിയാണി വിറ്റുനടന്ന ട്രാൻസ്ജെൻഡർ സജ്ന ഷാജിയെ പുതുവർഷത്തിൽ ഹോട്ടലുടമയാക്കിയത് സോഷ്യൽ മീഡിയയാണ്. കഴിഞ്ഞ രണ്ടിന് നടൻ ജയസൂര്യ കട ഉദ്ഘാടനം ചെയ്തു. എല്ലാം ഒരു സ്വപ്നംപോലെ തോന്നുകയാണെന്ന് സജ്ന പറയുന്നു. ലോക്ക് ഡൗണിൽ തുടങ്ങിയ ബിരിയാണി കച്ചവടം, അതേച്ചൊല്ലിയുള്ള വഴക്ക്, ഫേസ്ബുക്ക് ലൈവ്, ആത്മഹത്യാശ്രമം...കൈവിട്ട് പോകുമോ എന്ന് തോന്നിയിടത്ത് നിന്ന് ജീവിതം തിരികെ പിടിച്ച സന്തോഷത്തിലാണ് സജ്‌ന. ആലുവ -പറവൂർ റോഡിൽ മാളികംപീടികയിൽ ആരംഭിച്ച 'സജ്‌നാസ് കിച്ചണിൽ' കച്ചവടം പൊടിപൊടിക്കുകയാണ്. ഒരേസമയം 48 പേർക്ക് ഇരിക്കാം. പഴങ്കഞ്ഞി മുതൽ അൽഫാം വരെയുണ്ട്. എട്ട് ജോലിക്കാരുണ്ട്. രാവിലെ 7 മുതൽ രാത്രി 11 വരെയാണ് പ്രവർത്തനം. ഹോട്ടൽ തുടങ്ങാൻ രണ്ടരലക്ഷം രൂപ ജയസൂര്യ നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കടയുടെ ബോർഡ് ചെയ്തുകൊടുത്തത്. കണ്ണൂരിലെ അന്നപൂർണ ചാരിറ്റബിൾ സൊസൈറ്റി പാത്രങ്ങളും സംഭാവന ചെയ്തു. ട്രാൻസ് സമൂഹത്തെ അംഗീകരിക്കാതെ അകറ്റിനിറുത്തിയ അമ്മയും ഇപ്പോൾ തന്നോടൊപ്പമുണ്ടെന്ന് സജ്ന പറയുന്നു.

സോഷ്യൽ മീഡിയയും വിവാദങ്ങളും

ലോക്ക് ഡൗൺ കാലത്ത് തൃപ്പൂണിത്തുറ ഇരുമ്പനത്തെ തന്റെ ബിരിയാണി കച്ചവടം ചിലർ തടയാൻ ശ്രമിക്കുന്നെന്ന് കാട്ടി സജ്‌ന സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. തു​ട​ർ​ന്ന് നി​ര​വ​ധി​പേ​ർ പി​ന്തു​ണ​യ​റി​യി​ക്കു​ക​യും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ, ന​ട​ൻ ജ​യ​സൂ​ര്യ തു​ട​ങ്ങി​യ​വ​ർ സ​ഹാ​യ​വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്തു. എന്നാൽ പിന്നീട് സജ്‌ന കബളിപ്പിക്കുകയാണെന്ന ആരോപണവുമായി മറ്റൊരു ട്രാൻസ്‌വുമൺ രംഗത്തെത്തി. സജ്‌ന സംസാരിക്കുന്ന ശബ്ദസന്ദേശവും ഇവർ പുറത്തുവിട്ടു. തുടർന്ന് അമിതമായ അളവിൽ ഗുളിക കഴിച്ച് സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

വായ്പ തരുന്നില്ല

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി സ്വരൂപിച്ച പണം കൊണ്ടാണ് ബിരിയാണി കച്ചവടം തുടങ്ങിയത്. ഇപ്പോൾ ഏഴു ലക്ഷത്തോളം രൂപ കടമുണ്ട്. ട്രാൻസ്‌ജെൻഡേഴ്‌സിന് ബിസി​നസ് തുടങ്ങാൻ 10 ലക്ഷം രൂപ പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ വിവാദം കാരണം വായ്പ തരാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. വായ്പ കൂടി ലഭിച്ചാലേ കച്ചവടം വിപുലീകരിച്ച് മുന്നോട്ട് കൊണ്ടുപോകാനാകൂ.

-സജ്‌ന ഷാജി