ഗാന്ധിനഗർ : ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് പ്രതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീക് (37) ആണ് മരിച്ചത്. കഴിഞ്ഞ 11 ന് രാവിലെ 11.30 നാണ് ഷെഫീകിനെ ഉദയംപേരൂർ പൊലീസ് തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തത്. 12 ന് ഉച്ചയ്ക്ക് ജയിലിൽ തല കറങ്ങി വീണതിനെ തുടർന്ന് ജയിലധികൃതർ ആദ്യം എറണാകുളം ജില്ലാ ആശുപത്രിയിലും, കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പരിശോധനയിൽ തലയിൽ രക്തസ്രാവം കണ്ടതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു.
കൂടുതൽ പരിശോധനയിലാണ് തലയുടെ വിവിധ ഭാഗങ്ങളിലും മുഖത്തും മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയത്. വൈകിട്ട് മൂന്നോടെ മരണം സംഭവിച്ചു. ഇതിനിടെ പൊലീസ് മർദ്ദനം മൂലമാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ പൊലീസ് മർദ്ദിച്ചിട്ടില്ലെന്ന് ഉദയംപേരൂർ എസ്.എച്ച്.ഒ കെ.ബാലൻ പറഞ്ഞു. ശസ്ത്രക്രിയ ചെയ്യാൻ തയ്യാറാടെുക്കവെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്ന് മെഡിസിൻ യൂണിറ്റ് ചീഫ് ഷീലാ കുര്യൻ പറഞ്ഞു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.