കൊച്ചി: സ്വന്തമായി രഹസ്യാന്വേഷണ വിഭാഗവും ക്രൈം വിംഗും അനുവദിച്ച് കോസ്റ്റൽ പൊലീസിനെ ശക്തമാക്കാൻ സർക്കാർ തീരുമാനം. വിശദമായ ശുപാർശ സമർപ്പിക്കാൻ കോസ്റ്റൽ സെക്യൂരിറ്റി പൊലീസ് ഐ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങൾ നടന്നാൽ അന്വേഷണപരിധി കരയിലും നിശ്ചിതദൂരം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ നിർദ്ദേശങ്ങളും പരിഗണിക്കും. സംസ്ഥാനത്ത് ഏഴ് തീരദേശ പൊലീസ് സ്റ്റേഷനുകളും ഉടൻ ആരംഭിക്കും. തീരദേശങ്ങളിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കാനും ഇന്റലിജൻസ് ശൃംഖല ശക്തിപ്പെടുത്താനുള്ള രൂപരേഖയാണ് തയ്യാറാക്കുന്നത്. ഇതിലൂടെ തീരദേശ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷൃം. പുതുതായി തുടങ്ങുന്ന തീരദേശ സ്റ്റേഷനുകൾ താനൂർ - ( മലപ്പുറം) വലപ്പാട് - (തൃശൂർ) തൃക്കുന്നപ്പുഴ - (ആലപ്പുഴ) ആലപ്പുഴ - (ആലപ്പുഴ) വലിയഴീക്കൽ - (ആലപ്പുഴ) ഇരവിപുരം - (കൊല്ലം) തുമ്പ - (തിരുവനന്തപുരം സിറ്റി) * ആദ്യ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ 2009 ൽ നീണ്ടകരയിൽ * നിലവിൽ 9 തീരദേശ ജില്ലകളിലായി 18 സ്റ്റേഷനുകൾ. എല്ലാ സ്റ്റേഷനുകളിലും സി.ഐമാർക്ക് ചുമതല * കോസ്റ്റൽ പൊലീസിന് 24 ബോട്ടുകൾ. 12 ടണ്ണിന്റെ 16, 5 ടണ്ണിന്റെ 8. എല്ലാം ഇന്റർസെപ്ടർ ബോട്ടുകൾ. (അഞ്ച് നോട്ടിക്കൽ മൈൽ വരെ പോകാനേ കഴിയൂ). ഒരെണ്ണം പ്രവർത്തനരഹിതം. 24 എണ്ണവും 2010-ൽ കേന്ദ്ര സർക്കാർ അനുവദിച്ചത്. ആഴക്കടലിലേക്ക് പോകാവുന്ന ബോട്ടുകൾ വേണമെന്ന് ആവശ്യം. * കോസ്റ്റൽ പൊലീസിന് കീഴിൽ മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ള 177 കോസ്റ്റൽ വാർഡൻമാരും 74 കടലോര ജാഗ്രത സമിതികളും രണ്ട് കായലോര ജാഗ്രത സമിതികളുമുണ്ട്.