തൃക്കാക്കര : തൃക്കാക്കര നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ നിന്ന് മുസ്‌ലിം ലീഗ് കൗൺസിലർമാർ വിട്ടുനിന്നേക്കും. നാളെയാണ് ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കുന്നത്. വെസ് ചെയർമാന് പുറമെ വനിതാ സംവരണമായ ഏതെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റികൂടി വേണമെന്ന് കോൺഗ്രസ് കമ്മിറ്റിയോട് മുസ്‌ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തതിനു ശേഷം പരിഗണിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ മുസ്‌ലിം ലീഗിന്റെ ആവശ്യം കണ്ടില്ലെന്ന് നടിച്ചു കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ സ്റ്റാൻഡിംഗ് കമ്മിറ്റികൾ വീതം വച്ച് എടുത്തതാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇതേ തുടന്ന് കഴിഞ്ഞ ദിവസം ലീഗ് നേതൃയോഗം ചേരുകയും നാളെ നടക്കുന്ന ചെയർമാൻ തിരഞ്ഞെടുപ്പ് ലീഗ് കൗൺസിലർമാർ ബഹിഷ്കരിക്കണമെന്ന് ഭൂരിപക്ഷം നേതാക്കളും അഭിപ്രായം ഉന്നയിച്ചതായാണ് സൂചന. മുസ്‌ലിം ലീഗ് കൗൺസിലർമാർ വിട്ടു നിൽക്കുന്നതോടെ ക്ഷേമം, വികസനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ ചെയർമാനെ നിശ്ചയിക്കുവാൻ നറുക്കെടുപ്പ് വേണ്ടി വരും. 43 അംഗ കൗൺസിലിൽ കോൺഗ്രസ് 35 വാർഡുകളിലും പട്ടികജാതി സംവരണ വാർഡുകൾ ഉൾപ്പെടെ മുസ്‌ലിം ലീഗ് 8 വാർഡുകളിലുമാണ് മത്സരിച്ചത്. 16 സീറ്റ് കോൺഗ്രസും 5 സീറ്റ് മുസ്‌ലിം ലീഗും വിജയിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് റിബലുകളായി ജയിച്ച 5 പേരുടെയും പിന്തുണയോടെയാണ് ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ നേടിയതെങ്കിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലം നാലു റിബലുകൾ എൽ.ഡി.എഫിനു വോട്ടു ചെയ്യുകയായിരുന്നു.