കൊച്ചി: കൊവിഡ് കാലം കഴിഞ്ഞെത്തുന്ന സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി മറൈൻഡ്രൈവ്. നവീകരണം ഫെബ്രുവരി ആദ്യം പൂർത്തിയാകും. 7.85 കോടി രൂപ മുടക്കി ജി.സി.ഡി.എയാണ് തുറമുഖ നഗരത്തിന്റെ പ്രധാന ആകർഷണകേന്ദ്രത്തിനെ ഗ്ലാമറാക്കുന്നത്. ചീനവലകളും മഴവിൽപ്പാലവും മനോഹാരിത തീർക്കുന്നിടം. ഹെെക്കോടതി മുതൽ രാജേന്ദ്രമെെതാനം വരെ നീളുന്ന നടപ്പാത, കായൽ കാറ്റേററിരിക്കാനുള്ള ഇരിപ്പിടങ്ങൾ എന്നിവയാണ് ആകർഷണം. അവഗണനയും യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമൂലവും ഉപയോഗിക്കാനാവാത്ത വിധത്തിലായിരുന്നു ഇവിടം. സാമൂഹികവിരുദ്ധശല്യവും ദുർഗന്ധം വമിക്കുന്ന മാലിന്യവും നിറഞ്ഞതോടെ സഞ്ചാരികൾ അകന്നുതുടങ്ങി. ഇനി അതൊക്കെ പഴങ്കഥയായി. കേന്ദ്ര സ്‌മാർട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി മറെെൻഡ്രെെവിന്റെ പഴയ ചാരുത വീണ്ടെടുക്കുകയാണ്.
അടിമുടിമാറ്റം
ഹെെക്കോടതി മുതൽ കെട്ടുവള്ളം വരെ നടപ്പാത ഭംഗിയാർന്ന ടെെലുകൾ വിരിക്കും. ടെെലുകൾ ഇളകിപ്പോകാതിരിക്കാൻ പഴയ പെെലുകൾ ഇളക്കിമാറ്റിയാണ് ടെെലുകൾ വിരിക്കുന്നത്. മനോഹരങ്ങളായ പൂച്ചെടികളും തണൽമരങ്ങളും അലങ്കാരദീപങ്ങളും സ്ഥാനം പിടിക്കും.കായൽക്കാഴ്ചകൾ കാണാൻ കഴിയുന്ന വിധത്തിൽ നിരനിരയായി ഇരിക്കാവുന്ന വിധത്തിലാണ് ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. കെട്ടുവള്ളം പാലത്തിനടുത്ത് ടോയ്ലെറ്റ് സ്ഥാപിക്കും. മറെെൻഡ്രെെവ് മുഴുവൻ കാമറ നിരീക്ഷണത്തിലാകും. പൊലീസ് നിരീക്ഷണം ഉറപ്പാക്കും. ഹൈക്കോടതി നിർദ്ദേശങ്ങളെ തുടർന്നാണ് ഇപ്പോഴത്തെ നവീകരണ പ്രവർത്തനങ്ങൾ.
മോഹിപ്പിക്കുന്ന സുന്ദരകാഴ്ചകൾ
നഗരത്തിന്റെ ഹൃദയഭാഗത്താണ് മറൈൻഡ്രൈവ്. നറുപുഞ്ചിരി തൂകി കാണികളെ മാടിവിളിക്കുന്ന മറൈൻഡ്രൈവിന്റ സുന്ദരക്കാഴ്ച ആരെയും വശീകരിക്കും. കായൽ തീരത്തെ കാറ്റേറ്റ് കായലോളങ്ങളുടെ സൗന്ദര്യം ആവോളം നുകരാം. മിഴിവേകുന്ന കാഴ്ചകളും ആസ്വദിക്കാം. മറൈൻഡ്രൈവിന്റെ ദൃശൃചാതുര്യം മിക്ക സിനിമകൾക്കും ലൊക്കേഷൻ കൂടിയാണ്. കപ്പലും കണ്ടെയ്‌നറുകളും ടെർമിനലുകളും കണ്ട് മറൈൻഡ്രൈവിൽ ബോട്ട് സവാരിയാകാം. മഴവിൽപ്പാലവും ചീനവലപ്പാലവും മ്യൂസിക് വാക്ക്‌വേയുമാണ് പ്രധാന കാഴ്ചകൾ.
ഷോപ്പിംഗ് നടത്താനും രൂചിയൂറും വിഭവങ്ങൾ വിളമ്പുന്ന റെസ്റ്റോറന്റുകളും നിരവധിയുണ്ട്. കായൽക്കാഴ്ചയുമാണ് സഞ്ചാരികളുടെ ആകർഷണം. സന്ധ്യമയങ്ങുന്ന നേരമാണ് കാഴ്ചകൾ ഏറെ സുന്ദരം. മറഞ്ഞുപോകുന്ന മേഘങ്ങളുടെ കാഴ്ചയും സൂര്യാസ്തമയവും കാണാനും ഒഴിവുസമയം ചെലവഴിക്കുവാനും കുടുംബവുമൊത്ത് എത്തുന്നവരാണ് ഭൂരിപക്ഷവും
പണി ഉടൻ തീരും
നവീകരണം അടുത്തമാസമാദ്യം പൂർത്തീകരിക്കും. കൊവിഡ് നിബന്ധനകൾ പാലിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
വി. സലിം
ചെയർമാൻ
ജി.സി.ഡി.എ.