seavigil
തീരസുരക്ഷ പരിശോധിക്കാൻ നാവികസേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഭ്യാസങ്ങളിൽ നിന്ന്

കൊച്ചി: കേരളത്തിന്റെ തീരദേശസുരക്ഷ ഉറപ്പാക്കാൻ നാവികസേന സംയുക്ത അഭ്യാസം സംഘടിപ്പിച്ചു. കോസ്റ്റ് ഗാർഡ്, സംസ്ഥാന സർക്കാർ വകുപ്പുകൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയായിരുന്നു പരിപാടി.

കടൽ ജാഗ്രത എന്ന പേരിൽ രാജ്യം മുഴുവൻ നടന്ന പരിപാടിയിൽ ദക്ഷിണ നാവികത്താവളത്തിന്റെ നേതൃത്വത്തിൽ കേരള, ലക്ഷദ്വീപ്, മാഹി തീരങ്ങളിൽ സുരക്ഷ വിലയിരുത്തി. നൂറോളം കപ്പലുകൾ, വിമാനങ്ങൾ, ഹെലികോപ്ടറുകൾ, പട്രോളിംഗ് യാനങ്ങൾ, ബോട്ടുകൾ തുടങ്ങിയവ അണിനിരന്നു. നാവികസേന, കോസ്റ്റ് ഗാർഡ് തുടങ്ങിയവയുടെ യാനങ്ങളും പങ്കെടുത്തു.

അഭ്യാസങ്ങൾ കൊച്ചിയിലെ ജോയിന്റ് ഓപ്പറേഷൻ സെന്റർ വിലയിരുത്തി. നാവികസേന, കോസ്റ്റ്ഗാർഡ്, ഇന്റലിജൻസ് ബ്യൂറോ, കസ്റ്റംസ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥർ അഭ്യാസങ്ങൾ വിലിയിരുത്തി. അഭ്യാസം വഴി ലഭിച്ച വിവരങ്ങൾ തീരസുരക്ഷയുടെ പഴുതുകൾ അടയ്ക്കാൻ പ്രയോജനപ്പെടുത്തുമെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു. തീരദേശത്തെയും സമുദ്രത്തിലെയും നിരീക്ഷണ, സുരക്ഷാസംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയാണ് വൈസ് അഡ്മിറൽ എ.കെ. ചൗളയുടെ നേതൃത്വത്തിൽ വിലയിരുത്തിയത്.