കൊച്ചി : ചെറായി പ്രണവ് വധക്കേസിൽ പ്രതികളായ ചെറായി സ്വദേശി നംദേവ്, എടവനക്കാട് സ്വദേശിയായ ജിത്തൂസ് എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കാമുകിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഒന്നാംപ്രതി ശരത്തിന്റെ നേതൃത്വത്തിൽ പ്രതികൾ ചെറായി കല്ലുമഠത്തിൽ പ്രസാദിന്റെ മകൻ പ്രണവിനെ (23) കൊലപ്പെടുത്തിയെന്നാണ് കേസ്.
കഴിഞ്ഞ സെപ്തംബർ 22 നാണ് കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ചിനു സമീപം പ്രണവിന്റെ മൃതദേഹം കണ്ടെത്തിയത്. ശരത്തിന്റെ കാമുകിയുമായി പ്രണവ് അടുപ്പത്തിലായതാണ് പ്രശ്നങ്ങൾക്ക് തുടക്കം. കാമുകിയുടെ പേരിൽ ശരത് വ്യാജ ഫേസ് ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി പ്രണവുമായി ചാറ്റ് ചെയ്തിരുന്നു. സംഭവദിവസം രാത്രി ശരത് ഫേസ് ബുക്ക് ചാറ്റിലൂടെ ക്ഷണിച്ചതിനെത്തുടർന്നാണ് പ്രണവ് ബീച്ചിലെത്തിയത്. ഇവിടെ പതിയിരുന്ന സംഘം ഇയാളെ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ തങ്ങൾ ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും ജാമ്യമനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ വാദം. സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലുള്ള കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ എതിർത്തു.
പ്രണവിനെ തലയ്ക്കടിച്ചു വീഴ്ത്തി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന വാദം കണക്കിലെടുത്ത ഹൈക്കോടതി കുറ്റകൃത്യത്തിന്റെ ഗൗരവംകൂടി കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.