kaumudi
പൈപ്പ് ലൈൻ റോഡിൽ ക്രോസ് ബാർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബർ 13ന് 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്ത

# നിർമ്മല സ്കൂളിലേക്ക് ഗതാഗതം തടസപ്പെടുത്തരുതെന്ന് പഞ്ചായത്ത്

ആലുവ: അമിതഭാരമുള്ള ചരക്ക് ലോറികൾ ഉൾപ്പെടെ നിയമം ലംഘിച്ച് ഒാടിയതിനെത്തുടർന്ന് ഭൂഗർഭ പൈപ്പുകൾ തകരാറിലായ സാഹചര്യത്തിൽ പൈപ്പ് ലൈൻ റോഡിൽ ഗതാഗതം നിയന്ത്രിക്കാൻ ക്രോസ്ബാർ സ്ഥാപിച്ച് തുടങ്ങി.

ആലുവ ഫ്രണ്ട്ഷിപ്പ് ഹൗസ്, നിർമല സ്കൂൾ, എസ്.എൻ പുരം എന്നിവിടങ്ങളിൽ വാട്ടർ അതോറിട്ടിയാണ് ക്രോസ്ബാർ സ്ഥാപിക്കുന്നത്. എന്നാൽ നിർമല സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി വരുന്ന വലിയ വാഹനങ്ങൾക്കുണ്ടാകുന്ന ദുരിതം ഒഴിവാക്കാനുള്ള ശ്രമം നടക്കുകയാണ്. പ്രധാനറോഡിൽനിന്നും ഫ്രണ്ട് ഷിപ്പ് ഹൗസിന് മുമ്പിൽ നിന്നും ഒരു കിലോമീറ്റർ പൈപ്പ്ലൈൻ റോഡുവഴി പോകണം സ്കൂളിലേക്ക്. നഴ്സറി ക്ളാസ് മുതൽ പ്ളസ്ടു വരെയായി ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. 2.7 മീറ്റർ ഉയരവും മൂന്ന് മീറ്റർ വീതിയുമുള്ള ബാറുകൾ സ്ഥാപിച്ചാൽ ഇതിലൂടെ ബസുകൾക്ക് കടക്കാനാകില്ല. സ്കൂൾ ബസുകൾക്കായി കാലങ്ങളായി ലഭിച്ചിരുന്ന ഇളവ് തുടരണമെന്നാണ് ആവശ്യം. രാവിലെയും വെെകിട്ടും മാത്രമാണ് സ്കൂൾ ബസുകൾക്ക് പോകേണ്ടത്.

രണ്ടാമത്തെ ക്രോസ് ബാർ സ്ഥാപിക്കുന്നത് സ്കൂൾ ഗേറ്റിന് തൊട്ടടുത്ത് കഴിഞ്ഞമാസം ഭൂഗർഭ പൈപ്പ് പൊട്ടിയിടത്താണ്. ഈ ഭാഗത്തേക്കെല്ലാം സ്കൂളിൽ നിന്നുള്ളത് ചെറിയ വാഹനങ്ങളാണ്. സ്കൂളിന് സമീപം പശ്ചിമകൊച്ചിയിലേക്ക് വെള്ളം കൊണ്ടുപോകുന്ന 42 ഇഞ്ച് വ്യാസമുള്ള ഭൂഗർഭ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് വാട്ടർ അതോറിട്ടിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായ സാഹചര്യത്തിലാണ് ഗതാഗതം കർശനമായി നിയന്ത്രിക്കാൻ തീരുമാനിച്ചത്. നിർമ്മല സ്കൂളുമായി ബന്ധപ്പെട്ട പ്രതിസന്ധി ഇതുവരെ ആരും രേഖാമൂലം അറിയിച്ചിട്ടില്ലെന്നും ലഭിച്ചാൽ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും എക്‌സിക്യുട്ടീവ് എൻജിനീയർ കെ.കെ. ജോളി 'കേരളകൗമുദി'യോട് പറഞ്ഞു.

ആലുവയിൽ നിന്നാരംഭിക്കുന്ന പൈപ്പ്ലൈൻ റോഡ് ആലുവ നഗരസഭ, ചൂർണിക്കര ഗ്രാമപഞ്ചായത്ത്, കളമശേരി, തൃക്കാക്കര നഗരസഭകൾ വഴിയാണ് കൊച്ചി കോർപ്പറേഷൻ പരിധിയിലെത്തുന്നത്. എറണാകുളത്ത് നിന്നും കളമശേരി വരെയുള്ള ഭാഗത്ത് ഇതിനകം ക്രോസ് ബാറുകൾ സ്ഥാപിച്ചിട്ടുണ്ട്. കുന്നത്തേരിവഴി ആലുവയിലേക്കുള്ള മിനിബസ് സർവീസ് നടത്തുന്നത് പൈപ്പ് ലൈൻ റോഡ് വഴിയായതിനാലാണ് ഇവിടെ ക്രോസ് ബാർ സ്ഥാപിക്കുന്നത് വൈകിയത്.