കോലഞ്ചേരി: ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടർ നൽകുന്ന രാജഹംസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി ഓഫീസ് മുഖേന ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ യോടൊപ്പം അംഗ പരിമിതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് /ലേണേഴ്‌സ് ലൈസൻസിന്റെ പകർപ്പ്, റേഷൻ കാർഡ്/ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, മുച്ചക്ര വാഹനം ഉപയോഗിക്കാൻ കഴിയുമെന്ന ഗവൺമെന്റ് മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം, വയസ് തെളിയിക്കുന്ന രേഖ, മുൻ വർഷങ്ങളിൽ വാഹനം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ, അപേക്ഷകൻ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന വ്യക്തിയാണെന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പറുടെ സാക്ഷ്യപത്രം, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം 29ന് മുമ്പ് സമർപ്പിക്കണം.