കൊച്ചി: പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് തുടക്കമാകും. ശിവപാർവതി ക്ഷേത്രപ്രതിഷ്ഠ ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ രാവിലെ 10.55 നും 11.10 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നിർവഹിക്കും. ചുറ്റമ്പലത്തിനുള്ളിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ശിവപാർവതിയെ ചുറ്റമ്പലത്തിന് വെളിയിൽ നിർമ്മിച്ച പുതിയ ശ്രീകോവിലേക്ക് മാറ്റി പ്രതിഷ്‌ഠിക്കുന്ന ചടങ്ങാണ് നടക്കുന്നത്.
ഇന്ന് വൈകിട്ട് 8.10 നും 8.45 നും മദ്ധ്യേ ചിങ്ങംരാശിയിൽ ക്ഷേത്രംതന്ത്രി പറവൂർ രാകേഷ് തന്ത്രി ഉത്സവത്തിന് കൊടിയേറ്റും.
പുലർച്ചെ 5 ന് നടതുറക്കൽ, 5.30 ന് മഹാഗണപതിഹോമം, അധിവാസം വിടർത്തൽ, പാണി, ജീവകലശം എഴുന്നള്ളിക്കൽ.
രാവിലെ 8 ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയെ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. തുടർന്ന് പാദപൂജ, അനുഗ്രഹപ്രഭാഷണം. 9.30 നും 10.30 നും മദ്ധ്യേ അഷ്ടബന്ധം ചാർത്തൽ, തുടർന്ന് ജീവവാഹന ജീവകലശാഭിഷേകം വിശേഷാൽ പൂജ, ദ്രവ്യകലശാഭിഷേകം, പൂജ, ശ്രീഭൂതബലി എന്നിവ നടക്കും. 24 നാണ് ആറാട്ട്.