കോലഞ്ചേരി: പതിനെട്ടടവും പയറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരെ പിടിക്കാൻ വടവുകോട് ബ്ളോക്കിൽ എൽ.ഡി.എഫ്, യു.ഡി.എഫ് സംയുക്ത നീക്കം. വനിതകൾ സ്ഥാനാർത്ഥികളാകാൻ തയ്യാറാകാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുടങ്ങിയ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെയാണിത്. പതിമൂന്ന് അംഗങ്ങളുള്ള ഇവിടെ യു.ഡി.എഫിനും, ട്വന്റി20യ്ക്കും 5 വീതവും, എൽ.ഡി.എഫിന് 3 പ്രതിനിധികളാണുള്ളത്. യു.ഡി.എഫാണ് ഭരണം കൈയ്യാളുന്നത്. ഭൂരിപക്ഷ അഭിപ്രായ പ്രകാരം ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ വന്ന ഒഴിവിൽ വനിത പ്രതിനിധിയായി പ്രസിഡന്റ് വി.ആർ.അശോകൻ ട്വന്റി20 യിലെ സ്വാതി രമ്യദേവിനെ നിർദ്ദേശിച്ചു. ട്വന്റി20 വിട്ടു നിന്നെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ അവരെ തന്നെ കമ്മിറ്റിയിലുൾപ്പെടുത്തി. തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷ സ്ഥാനവും, യു.ഡി.എഫോ, എൽ.ഡി.എഫോ നിലനിർത്തുമെന്ന് ഉറപ്പായി. 18 നാണ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്. ജൂബിൾ ജോർജിനെ വികസനത്തിലും, ടി.ആർ.വിശ്വപ്പനെ ആരോഗ്യ, വിദ്യാഭ്യാസത്തിലും, രാജമ്മ രാജനെ ക്ഷേമകാര്യത്തിലും ചെയർമാന്മാരാക്കാനാണ് സാദ്ധ്യത. മൂന്നു പേരുള്ള ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ രണ്ടു പേരുടെ പിന്തുണ ട്വന്റി20 യ്ക്ക് ലഭിച്ചെങ്കിലും ചെയർമാനാകാൻ ഇവർക്ക് സാധിക്കില്ല, കാരണം ധനകാര്യ സമിതി അദ്ധ്യക്ഷ പദവി വൈസ് പ്രസിഡന്റ് വഹിക്കേണ്ടതെന്നാണ് ചട്ടം.ധനകാര്യമൊഴികെ മറ്റു മൂന്നു കമ്മിറ്റികളിലും ഒരോരുത്തരെ വിജയിപ്പിക്കാനാണ് ട്വന്റി20 കഴിഞ്ഞുള്ളൂ. പ്രഫറൻസ് വോട്ടിംഗിൽ ഒരാളെ മാത്രമാണ് വിജയിപ്പിക്കാനാകൂ. ഒറ്റക്കൈമാറ്റ വോട്ട് എന്നാണിത് അറിയപ്പെടുന്നത്. വോട്ടുകൾ പാഴായിപോകുന്ന അവസ്ഥ ഒഴിവാക്കാൻ പരിശീലനം നല്കിയാണ് മുന്നണികൾ അംഗങ്ങളെ ഒരുക്കിയത്.